രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി
സഞ്ജു സാംസണ്‍(91) പൊരുതി നോക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
രഞ്ജി ട്രോഫിയില്‍ കേരളത്തെ തമിഴ്‌നാട് 151 റണ്‍സിന് തോല്‍പ്പിച്ചു. 369 369 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ മറുപടി 217 റണ്‍സില്‍ അവസാനിച്ചു. സഞ്ജു സാംസണ്‍(91) പൊരുതി നോക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
സ്‌കോര്‍: തമിഴ്‌നാട് 268, 252/7ഡി, കേരളം 152, 217
മൂന്നാം വിക്കറ്റില്‍ സിജോമോന്‍ ജോസഫിനൊപ്പം 97 റണ്‍സിന്റെ കൂട്ടുകെട്ട് സഞ്ജു സാംസണ്‍ പടുത്തുയര്‍ത്തിയിരുന്നു. രണ്ടാം ഇന്നിംങ്‌സില്‍ സിജോമോന്(55) പുറമേ അരുണ്‍ കാര്‍ത്തിക് (33) മാത്രമാണ് കേരള നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ പി.രാഹുലും സച്ചിന്‍ ബേബിയും വി.എ ജഗദീഷും അക്കൗണ്ടു തുറക്കും മുന്‍പ് പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. തമിഴ്‌നാടിനായി പേസ് ബോളര്‍ തങ്കരശ് നടരാജന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. ബാബ അപരാജിത്, സായ് കിഷോര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
ക്യാപ്റ്റന്‍ ഇന്ദ്രജിത്ത്(92), കൗശിക് ഗാന്ധി(59) എന്നിവരുടെ മികവില്‍ ഏഴു വിക്കറ്റിന് 252 റണ്‍സെടുത്ത തമിഴ്‌നാട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കേരളത്തിനായി സിജോമോന്‍ ജോസഫ് നാലു വിക്കറ്റ് വീഴ്ത്തി. ഡിസംബര്‍ 14 മുതല്‍ ഡല്‍ഹിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.