ഫഖര്‍ സമാന്റെ വെടിക്കെട്ട് തുണയായി; കിവീസിനെ തകർത്ത് പാകിസ്താൻ

വിജയം ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം

Update: 2023-11-04 14:35 GMT
Editor : abs | By : Web Desk
Advertising

ബംഗളൂരു: മഴ രസംകൊല്ലിയായെത്തിയ മത്സരത്തില്‍ കിവീസിനെതിരെ പാകിസ്താന് തകര്‍പ്പന്‍ ജയം. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പാകിസ്താന്‍റെ വിജയം. കീവീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിങ്ങിയ പാകിസ്താന്‍ ഫഖര്‍ സമാന്‍റെ സെഞ്ച്വറി മികവില്‍ റണ്‍മലക്ക് മുകളിലേക്ക് കുതിക്കുകയായിരുന്നു. അതിനിടയിലാണ് രസംകൊല്ലിയായി മഴയെത്തിയത്. പിന്നീട് 41 ഓവറില്‍ 342 റണ്‍സായി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. എന്നാല്‍ വീണ്ടും മഴ കളിമുടക്കി. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതെ വന്നതോടെ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 

 ഫഖർ സമാൻ 81 പന്തില്‍ 126 റണ്‍സുമായി പുറത്താവാതെ നിന്നു. 63 പന്തിൽനിന്നാണ് ഫഖർ സെഞ്ച്വറി കുറിച്ചത്. 11 സിക്സുകളും എട്ട് ഫോറുകളും ഫഖറിന്‍റെ ഇന്നിങ്സിന് മേമ്പൊടി ചാര്‍ത്തി. 66 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസം ഫഖറിന് മികച്ച പിന്തുണയാണ് നല്‍കിയത്.  കിവികൾ ഉയർത്തിയ 401 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താൻ 25.3 ഓവറിൽ 200 റൺസ് അടിച്ചെടുത്തു. 

ഓപണർ അബ്ദുല്ല ഷഫീഖിനെ നാലു റൺസിന് പുറത്താക്കി ടിം സൗത്തി ന്യൂസിലാൻഡിന് മികച്ച തുടക്കം നൽകിയെങ്കിലും ഫഖർ സമാനും ക്യാപ്റ്റൻ ബാബർ അസമും കിവി ബൗളർമാരെ നിർഭയം നേരിട്ടു. 51 പന്തിൽ നിന്ന് 47 റൺസുമായി ബാബർ ക്രീസിലുണ്ട്.

ആദ്യം ബാറ്റു ചെയ്ത കിവികൾ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് അടിച്ചുകൂട്ടിയത്. ടോസ് നേടിയ പാക് നായകൻ ബാബർ അസം ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപണർ രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയാണ് ന്യൂസിലാൻഡിന് കരുത്തായത്.

94 പന്ത് നേരിട്ട രചിൻ 108 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 79 പന്തിൽനിന്ന് 95 റൺസെടുത്തു. ഗ്ലെൻ ഫിലിപ്‌സ് (25 പന്തിൽ 41), ഓപണർ ദെവോൺ കോൺവേ (39 പന്തിൽ 35), മാർക് ചാപ്മാൻ (27 പന്തിൽ 39), മിച്ചൽ സാന്റ്‌നർ (17 പന്തിൽ 26) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാർ നേടിയത്. 

രണ്ടാം വിക്കറ്റിൽ രചിൻ-വില്യംസൺ സഖ്യം അടിച്ചുകൂട്ടിയ 180 റൺസിന്റെ കൂട്ടുകെട്ടാണ് ന്യൂസിലാൻഡ് ഇന്നിങ്‌സിൽ നിർണായകമായത്. സെഞ്ച്വറിയിലേക്ക് അഞ്ചു റൺസ് അകലെ വില്യംസൺ വീണു. 79 പന്തിൽനിന്ന് 10 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു പരിക്കു മാറിയെത്തിയ ക്യാപ്റ്റന്റെ ഇന്നിങ്‌സ്. തൊട്ടുപിന്നാലെ രചിനും പുറത്തായി. എന്നാൽ പിന്നീടെത്തിയ ബാറ്റ്‌സ്മാന്മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലാൻഡ് സ്‌കോർ നാനൂറു കടന്നു. പാകിസ്താനു വേണ്ടി മുഹമ്മദ് വസീം മൂന്നു വിക്കറ്റു വീഴ്ത്തി.

ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണ് രചിന്റേത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ന്യൂസിലാൻഡ് താരം എന്ന ഖ്യാതിയും രചിന്റെ പേരിലായി. ഇതുവരെ 523 റണ്‍സാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News