ലൈംഗികാരോപണത്തിന് പിന്നാലെ പോർച്ചുഗൽ ടീമിൽ നിന്നും പുറത്തായി ക്രിസ്റ്റ്യാനോ റൊണാൾഡോ 

Update: 2018-10-04 13:37 GMT

പോളണ്ടിനും സ്കോട്‍ലൻ‌ഡിനും എതിരായ യുവേഫ നേഷൻസ് ലീഗ്, രാജ്യാന്തര സൗഹൃദ മൽസരങ്ങൾക്കുള്ള ടീമിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്. പരിശീലകൻ ഫെർണാണ്ടോ സാന്റോസ് താരത്തെ തഴഞ്ഞ സാഹചര്യത്തിൽ റൊണാൾഡോ ഇല്ലാതെയായിരിക്കും പോർച്ചുഗൽ കളത്തിലിറങ്ങുന്നത്.

റഷ്യൻ ലോകകപ്പിൽ പോർച്ചുഗലിനെ നയിച്ച റൊണാൾഡോ, അടുത്തിടെ ഒരു മാനഭംഗക്കേസിൽ അകപ്പെട്ടിരുന്നു. 2009ൽ ലാസ് വേഗാസിലെ ഹോട്ടലിൽവച്ച് ക്രിസ്റ്റ്യാനോ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് 34–കാരിയായ യു.എസ് യുവതിയാണ് രംഗത്തെത്തിയത്. എന്നാൽ, ഇതിന്റെ പേരിലാണോ റോണോ ടീമിൽ നിന്നും തഴയപ്പെട്ടത് എന്നത് ഇനിയും വ്യക്തമല്ല.

Advertising
Advertising

അതേസമയം, മാനഭംഗക്കേസിൽ ഉൾപ്പെട്ട സാഹചര്യത്തിൽ നവംബർ വരെയുള്ള പോർച്ചുഗലിന്റെ രാജ്യാന്തര മൽസരങ്ങളിൽ റൊണാൾഡോയെ ഉൾപ്പെടുത്തേണ്ടതില്ലെന്ന പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ തഴഞ്ഞതെന്നും റിപ്പോർട്ടുണ്ട്. പോർച്ചുഗൽ പരിശീലകൻ സാന്റോസ്, പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫെർണാണ്ടോ ഗോമസ് എന്നിവരുമായി റൊണാൾഡോ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്താത്തതെന്നാണ് റിപ്പോർട്ട്.

എന്നാൽ, ഇത്തവണ ടീമിൽ ഇടം കിട്ടിയില്ലെങ്കിലും റോണോയുടെ തിരിച്ചുവരവ് ആരും തടയില്ലെന്ന് പരിശീലകൻ സാന്റോസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. റഷ്യൻ‌ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ യുറഗ്വായോടു തോറ്റു പുറത്തായശേഷം ഇതുവരെ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി പന്ത് തട്ടിയിട്ടില്ല. ക്രൊയേഷ്യയ്ക്കെതിരായ സൗഹൃദ മൽസരത്തിൽനിന്നും ഇറ്റലിക്കെതിരായ നേഷൻസ് ലീഗ് മൽസരത്തിൽനിന്നും റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

Tags:    

Similar News