കയ്പേറിയ അനുഭവങ്ങളുമായി പൊതുമാപ്പ് ലഭിച്ച വീട്ടുജോലിക്കാര്‍ നാട്ടിലേക്ക്
നിസ്സഹായരായ സ്ത്രീകളെ വര്‍ഷങ്ങളോളം ചൂഷണം ചെയ്തത് മലയാളികള്‍ തന്നെ
ഖത്തറില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകുന്ന വീട്ടുവേലക്കാരികള്‍ക്ക് പറയാനുള്ളത് ചൂഷണങ്ങളുടെ കഥകളാണ്. നിസ്സഹായരായ സ്ത്രീകളെ വര്‍ഷങ്ങളോളം ചൂഷണം ചെയ്തത് മലയാളികള്‍ തന്നെ. വേലക്കാരികള്‍ക്ക് മാത്രമായി പലിശക്ക് പണം നല്‍കി വരുന്ന സംഘങ്ങളുണ്ടെന്നും വെളിപ്പെടുത്തല്‍.
വീട്ടുവേലക്കാരിയായി ഖത്തറിലെത്തിയ ഈ പത്തനംതിട്ട സ്വദേശിനി 12 വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. ഇപ്പോള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സുമനസ്സുകളുടെ സഹായത്താല്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ ജീവിത സമ്പാദ്യമായി ഒന്നുമില്ലെന്ന വിഷമത്തിലാണിവര്‍. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ജോലിചെയ്തിരുന്ന വീടുകളില്‍ നിന്ന് ഒളിച്ചോടാനും നിയമം ലംഘിച്ച് പുറം ജോലികളിലേര്‍പ്പെടാനും വേലക്കാരികളെ പ്രേരിപ്പിച്ചതും പിന്നീട് ചൂഷണം ചെയ്തതും മലയാളികള്‍ തന്നെയായിരുന്നു. പതിറ്റാണ്ടുകള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ഇവരില്‍ നിന്ന് കൈക്കലാക്കി വഞ്ചിച്ചവരും കൂട്ടത്തിലുണ്ട്.
ഒളിച്ചോടി കഴിയുന്ന വീട്ടുവേലക്കാരികളുടെ നിസ്സഹായതാണ് ചൂഷകര്‍ മുതലെടുത്തത്. അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നവര്‍ മുതല്‍ പലിശ മാഫിയ വരെ കൂട്ടത്തിലുണ്ട്. രോഗങ്ങളും ഒരുപിടി ദുരിതങ്ങളും മാത്രം സമ്പാദിച്ച നിരവധി സ്ത്രീകളാണ് ഇപ്പോള്‍ പൊതുമാപ്പിന്റെ ആനുകൂല്യം നേടി നാടുകളിലേക്ക് തിരിക്കുന്നത്.