ഖത്തറില്‍ തൊഴിലാളികളുടെ ശമ്പള നിരക്കില്‍ അടുത്ത വര്‍ഷത്തോടെ വര്‍ധന

Update: 2017-09-01 03:49 GMT
Editor : Jaisy
ഖത്തറില്‍ തൊഴിലാളികളുടെ ശമ്പള നിരക്കില്‍ അടുത്ത വര്‍ഷത്തോടെ വര്‍ധന

നിലവില്‍ 3.6 ശതമാനമാണ് ശമ്പള വര്‍ധനയുടെ തോത്

Full View

ഖത്തറില്‍ വിവിധ കമ്പനികളിലെ തൊഴിലാളികളുടെ ശമ്പള നിരക്കില്‍ അടുത്ത വര്‍ഷത്തോടെ വര്‍ധന പ്രതീക്ഷിക്കുന്നതായി സര്‍വേ. 2017 ഓടെ ഖത്തറിലെ ശരാശരി വേതന നിരക്ക് 4.5 ശതമാനമാകുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. നിലവില്‍ 3.6 ശതമാനമാണ് ശമ്പള വര്‍ധനയുടെ തോത്.

2017ലെ ജി.സി.സി രാജ്യങ്ങളിലെ ശമ്പള വര്‍ധനയെക്കുറിച്ചുള്ള അഭിപ്രായമാരായാന്‍ അറുനൂറോളം കമ്പനികളെയാണ് പ്രമുഖ അമേരിക്കന്‍ മനുഷ്യവിഭവ ശേഷി മാനേജ്മെന്റ് ആന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ എഒഎന്‍ ഹ്യൂവിറ്റ് സമീപിച്ചത്. സര്‍വേ പ്രകാരം ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ ശമ്പളവര്‍ധന അനുഭവപ്പെടുന്ന രാജ്യം ഖത്തറായിരിക്കും. എങ്കിലും നിലവിലെ വര്‍ധന ശരാശരിയായ 3.6 ശതമാനത്തിലും വര്‍ധിച്ച നിരക്കായിരിക്കും 2017-ടെ ലഭ്യമാകുക എന്നാണ് സര്‍വേ ഫലം വെളിവാക്കുന്നത്. അംഗരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധന അനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയായയിരിക്കും. 4.9 ശതമാനമാണ് ഇവിടുത്തെ വേതന വര്‍ധനയുടെ തോത്. നിലവില്‍ സൗദിയില്‍ 4.6 ശതമാനമാണ് വേതന വര്‍ധന കണക്കാക്കിയിട്ടുള്ളത്. രണ്ടാമതായി കുവൈത്താണ്. കുവൈത്തില്‍ 4.8 ശതമാനം ശമ്പള വര്‍ധന കണക്കാക്കുന്നുണ്ട്. കുവൈത്തിലിപ്പോള്‍ ശരാശരി 4.3 ശതമാനത്തിലാണ് വേതന നിരക്ക് പോകുന്നത്. എന്നാല്‍, ബഹ്റൈനില്‍ വേതന നിരക്ക് 2016ലെ തോതായ 4.8ല്‍നിന്നും 4.7 ലേക്ക് വരുമെന്നാണ് നിഗമനം. എങ്കിലും മേഖലയില്‍ ശമ്പള വര്‍ധന പ്രതീക്ഷിക്കുന്ന രാജ്യങ്ങളില്‍ ബഹ്റൈന് മൂന്നാംസ്ഥാനമുണ്ട്.

യുഎഇയിലും ഒമാനിലും 4.6 ശതമാനം ശമ്പള വര്‍ധനയാണ് എഒഎന്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒമാനില്‍ 4.2 ശതമാനവും യുഎഇയില്‍ 4.4 ശതമാനവുമാണ് വേതന വര്‍ധന നിരക്ക്. 2017-ഓടെ ജി.സി.യിലാകമാനം ശരാശരി 4.7 ശതമാനത്തിന്റെ ശമ്പള വര്‍ധനയാണ് സര്‍വേ ഫലം കണക്കാക്കുന്നത്. വരും വര്‍ഷങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിഗമനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News