അറബ്-ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇറാൻ നിർത്തിയിട്ടില്ലെന്ന് കുവൈത്ത്

Update: 2018-05-15 19:55 GMT
Editor : Jaisy
അറബ്-ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇറാൻ നിർത്തിയിട്ടില്ലെന്ന് കുവൈത്ത്

അറബ് ലീഗിന്റെ 148ാമത് പതിവ്​ മന്ത്രിതലയോഗത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്

അറബ്-ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇറാൻ നിർത്തിയിട്ടില്ലെന്നും ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കുവൈത്ത്​ വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല. അറബ് ലീഗിന്റെ 148ാമത് പതിവ്​ മന്ത്രിതലയോഗത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ജി.സി.സി-ഇറാൻ സഹകരണബന്ധം ശക്തിപ്പെടുത്തുന്നതിന് കുവൈത്തിന്റെ നേതൃത്വത്തിൽ വഴികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് മേഖലയിൽ ഇറാന്റെ ഇടപെടൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുവൈത്തിൽ സ്ഫോടനങ്ങളും അതുവഴി അസ്ഥിരതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് അബ്ദലി ചാര സെൽ സംഘത്തെ പിടികൂടിയതിലൂടെ ഇല്ലാതാക്കാനായത്. ഇതിന്റെ പിന്നിലെ ഇറാന്റെ കരങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞ കാര്യമാണ്.

Advertising
Advertising

1971 മുതൽ യു.എ.ഇയുടെ മൂന്ന് ദ്വീപുകളായ തൻബ് അൽ കുബ്റ, തൻബ് അൽ സുഗ്റ, അബൂമൂസ എന്നിവയിൽ ഇറാൻ അധിനിവേശം തുടരുകയാണ്. അന്താരാഷ്​ട്ര കോടതിയെ സമീപിച്ച് ദ്വീപുകളുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് ഇറാൻ ഇതുവരെയും ഉത്തരം നൽകിയിട്ടില്ല.

മറ്റു രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നത് ഇറാൻ അവസാനിപ്പിക്കാൻ തയ്യാറാവണമെന്ന് ജാറുല്ല ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ കുട്ടികളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ പ്രത്യേക ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ജാറുല്ല അറിയിച്ചു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ കാർമികത്വത്തിൽ നവംബർ 12, 13 തീയതികളിലാണ് ഫലസ്തീൻ കുട്ടികളുടെ കാര്യത്തിൽ അന്താരാഷ്ട്ര ഉച്ചകോടി നടക്കുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News