ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെ വേതനം പരിഷ്‌കരിക്കും
ഒമാനിലെ ഇരുപത് ഇന്ത്യന്‍ സ്‌കൂളുകളിലെ 1800ഓളം അധ്യാപകര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക
ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനം. ലിംഗ വിവേചനം ഒഴിവാക്കി പുതിയ ഏകീകൃത ശമ്പള പാക്കേജാകും നടപ്പില്‍ വരുത്തുകയാണെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അറിയിച്ചു.
ഒമാനിലെ ഇരുപത് ഇന്ത്യന്‍ സ്‌കൂളുകളിലെ 1800ഓളം അധ്യാപകര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇന്ത്യന്‍ സ്‌കൂളില്‍ 80 ശതമാനവും വനിതാ അധ്യാപകരാണ് ഉള്ളത്. നിലവില്‍ പുരുഷ അധ്യാപകരേക്കാള്‍ ഇവര്‍ക്ക് വേതനം കുറവാണ്. വേതനത്തിലെ ഈ വിടവ് നികത്തിയുള്ളതാകും പുതിയ ശമ്പള ഘടന. പുതിയ ശമ്പളഘടന നടപ്പില്‍ വരുത്താന്‍ അടുത്ത ഏപ്രില്‍ മുതല്‍ അടുത്ത നാലു വര്‍ഷ കാലാവധിയാണ് ബോര്‍ഡ് സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.
നിലവില്‍ ഇന്റീരിയര്‍ മേഖലകളിലെ സ്‌കൂളുകളില്‍ വേതനം കുറവായതിനാല്‍ അധ്യാപകരെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ട്. വേതനം പരിഷ്‌കരിക്കുന്നതോടെ മികച്ച അധ്യാപകരെ തന്നെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന അവസ്ഥ സാധ്യമാകുമെന്നും ബോര്‍ഡ് അറിയിച്ചു. പടിപടിയായുള്ള വളര്‍ച്ച ഉറപ്പാക്കുന്ന തരത്തിലാണ് വേതന പാക്കേജിന് രൂപം നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം ദേശീയ തൊഴില്‍ നിയമം അനുശാസിക്കുന്ന തരത്തിലുള്ള അലവന്‍സുകളും ലഭിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.