സൗദിയിലും ഒമാനിലും നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യം

ആവശ്യം ഉന്നയിച്ച് രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നിവേദനം നൽകി

Update: 2021-07-24 18:13 GMT
Editor : Shaheer | By : Web Desk
Advertising

നീറ്റ് പരീക്ഷയ്ക്ക് കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സൗദി അറേബ്യയിലും ഒമാനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നിവേദനം നൽകി.

കുവൈത്തിനും യുഎഇക്കും നൽകിയതുപോലുള്ള അവസരം സൗദിക്കും ഒമാനും നൽകണമെന്നാണ് ആവശ്യം. പരീക്ഷയ്ക്കായി കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലോ നാട്ടിലോ പോയാൽ തിരിച്ചുവരവ് പ്രയാസമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ ഇത്തരമൊരു ആവശ്യമുയർത്തിയിരിക്കുന്നത്.

സൗദിയിൽ എണ്ണൂറോളം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതാനുള്ളത്. ഈ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ അനുവദിച്ചതുപോലെ സൗദിയിലും പരീക്ഷാകേന്ദ്രം അനുവദിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ പറയുന്നു.

2013ൽ സൗദിയിൽ നീറ്റ് സെന്റർ അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ഇത് നിർത്തിവച്ചു. യാത്രാപ്രതിസന്ധി നിലനിൽക്കുന്ന പുതിയ സാഹചര്യത്തിൽ സൗദിയിലൊരു പരീക്ഷാകേന്ദ്രം അനിവാര്യമാണ്. വിദ്യാർഥികളെ നാട്ടിലേക്ക് അയച്ചാൽ തിരിച്ചു മടങ്ങിവരാനാകില്ല. 18 വയസിനുതാഴെയുള്ള കുട്ടികൾക്ക് ഇതരരാജ്യങ്ങൾ വഴി പ്രവേശനവും അനുവദിക്കില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടി സൗദി കെഎംസിസി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും എംപിമാർക്കും അംബാസഡർക്കും കത്തയച്ചിട്ടുണ്ട്.

അതേസമയം, കുവൈത്തിലും യുഎഇയിലും സെൻററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽനിന്നുള്ള അഞ്ഞൂറിൽപരം പരീക്ഷാർഥികളുടെ കാര്യത്തിലും അനുഭാവപൂർണ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷിതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് ഉൾപ്പെടെ കാര്യങ്ങൾ അനന്തമായി നീണ്ടുപോവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒമാനിലെ പരീക്ഷാർത്ഥികളുടെ ന്യായമായ ആവശ്യത്തിൽ കേന്ദ്രം അനുകൂല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ പറഞ്ഞു. വിഷയം നിയമസഭയിലും പാർലമെൻറിലും ഉന്നയിക്കാൻ അംഗങ്ങളെ സമീപിക്കാനും ആലോചനയുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News