കുവൈത്തിന് പുറത്തുനിന്ന് വാക്സിനെടുത്തവരുടെ സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു

സർട്ടിഫിക്കറ്റുകൾ സാങ്കേതിക സമിതി അംഗീകരിച്ചാൽ മാത്രമാണ് മന്ത്രാലയത്തിന്റെ ഇമ്മ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിക്കുക. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത പലർക്കും ഇതുവരെ മറുപടിയൊന്നും ലഭിക്കാത്തതിനാൽ നാട്ടിലുള്ള പ്രവാസികൾ ആശങ്കയിലാണ്

Update: 2021-07-26 18:45 GMT
Editor : Shaheer | By : Web Desk
Advertising

വിദേശരാജ്യങ്ങളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനുകീഴിൽ പുരോഗമിക്കുന്നു. ഇതുവരെ 18,000 സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സാങ്കേതിക സമിതി അറിയിച്ചു.

കുവൈത്തിന് പുറത്തുവച്ച് കോവിഡ് വാക്സിനെടുത്ത 73,000 പേരാണ് ഇതുവരെ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 18,000 പേരുടെ വാക്സിൻ  സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചു. പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ മതിയായ ഡാറ്റയുടെ അഭാവത്തിൽ തള്ളിക്കളഞ്ഞതായാണ് വിവരം. അപൂര്‍ണമായ വിവരങ്ങൾ, ക്യുആര്‍ കോഡ് ഇല്ലാതിരിക്കല്‍ തുടങ്ങിയവയാണ് സര്‍ട്ടിഫിക്കറ്റ് തള്ളിക്കളയാനുള്ള പ്രധാന കാരണം.

സർട്ടിഫിക്കറ്റുകൾ സാങ്കേതിക സമിതി അംഗീകരിച്ചാൽ മാത്രമാണ് മന്ത്രാലയത്തിന്റെ ഇമ്മ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിക്കുക. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത പലർക്കും  ഇതുവരെ മറുപടിയൊന്നും ലഭിക്കാത്തതിനാൽ നാട്ടിലുള്ള പ്രവാസികൾ ആശങ്കയിലാണ്. ഓഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാത്തതുമൂലം മടക്കയാത്ര മുടങ്ങുമോയെന്നാണ് പലരുടെയും ആശങ്ക.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News