ശമ്പളം നൽകിയില്ല; കുവൈത്തിൽ നിരവധി സ്വകാര്യ കമ്പനികളുടെ ഫയലുകൾ സസ്പെൻഡ് ചെയ്തു

പുതിയ ജീവനക്കാരെ നിയമിക്കാൻ കഴിയില്ല

Update: 2025-07-18 05:01 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിന് നിരവധി സ്വകാര്യ കമ്പനികളുടെ ഫയലുകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. തൊഴിൽ നിയമങ്ങൾ ലംഘിച്ച തൊഴിലുടമകളുടെ ഫയലുകളാണ് താൽക്കാലികമായി മരവിപ്പിച്ചത്. ഇതോടെ കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാൻ കഴിയില്ല.

എന്നാൽ നിലവിലുള്ള തൊഴിലാളികളുടെ വിസ പുതുക്കലിനോ സ്ഥാപനമാറ്റത്തിനോ തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. നിയമപ്രകാരമുള്ള ശമ്പള വിതരണം ഉറപ്പാക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം.

പ്രതിമാസ വേതനം തൊഴിലാളികളുടെ പേരിലുള്ള പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിക്കേണ്ടത്. ശമ്പള വിവരങ്ങൾ 'അസ്ഹൽ' പോർട്ടലിൽ രേഖപ്പെടുത്തണം എന്ന് അതോറിറ്റി നിർദേശിച്ചു. വേതന ബാധ്യതകൾ തീർക്കുന്ന സ്ഥാപനങ്ങൾക്ക് ഫയൽ സസ്പെൻഷൻ സ്വമേധയാ പിൻവലിക്കും. നിയമലംഘകർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News