സിവിൽ ഏവിയേഷൻ സഹകരണം: കുവൈത്തും ഇന്ത്യയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

സിവിൽ ഏവിയേഷൻ പ്രതിനിധികൾ ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടി

Update: 2025-07-16 07:04 GMT

കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി കുവൈത്തും ഇന്ത്യയും പുതിയ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസിഡന്റ് ശൈഖ് ഹമൂദ് അൽമുബാറക് പറഞ്ഞു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ശൈഖ് ഹമൂദും ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സമീർ കുമാറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്തുക, സാങ്കേതിക വൈദഗ്ധ്യം കൈമാറുക, വ്യോമയാന മേഖലയിലെ ഉയർന്നുവരുന്ന ആവശ്യങ്ങൾ പരിഹരിക്കുക എന്നിവയിലായിരുന്നു ചർച്ചകൾ. സിവിൽ ഏവിയേഷൻ മേഖലയിലെ ഏകോപനവും തന്ത്രപരമായ പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് ശൈഖ് ഹമൂദ് പറഞ്ഞു.

Advertising
Advertising

 

യാത്രക്കാരുടെ പ്രതീക്ഷകൾ നിറവേറ്റാനും വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന വ്യവസായത്തിനൊപ്പം സഞ്ചരിക്കാനുമായി ഇരു രാജ്യങ്ങളുടെയും വ്യോമഗതാഗത വിപണിയെ വികസിപ്പിക്കാനുള്ള വ്യവസ്ഥകൾ പുതുതായി ഒപ്പുവച്ച ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.

അന്താരാഷ്ട്ര വ്യോമഗതാഗതത്തിലെ സമീപകാല സംഭവവികാസങ്ങൾ, വ്യോമയാന മാനേജ്മെന്റിലെ മികച്ച രീതികൾ, സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, നിയന്ത്രണ ചട്ടക്കൂടുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷ്അൽ അൽഷമാലി, കുവൈത്ത് എയർവേയ്സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്‌സിൻ അൽഫഖാൻ, ജസീറ എയർവേയ്സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ മർവാൻ ബൂദായ്, വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധി സംഘവും കുവൈത്ത് ഡിജിസിഎയിൽ നിന്നുള്ള സാങ്കേതിക സംഘവും ചർച്ചകളിൽ പങ്കെടുത്തു.

വിമാന സേവനങ്ങളിൽ കൂടുതൽ സഹകരണം, വിമാന സർവീസുകൾ വർധിപ്പിക്കൽ, കൂടുതൽ കാര്യക്ഷമമായ നിയന്ത്രണ ഏകോപനം എന്നിവക്ക് ഈ കരാർ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആത്യന്തികമായി ഇരു രാജ്യങ്ങളിലെയും യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും പ്രയോജനം ചെയ്യും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News