കുവൈത്തിൽ 2ജി, 3ജി മൊബൈൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക്
രാജ്യത്തെ ടെലികോം ദാതാക്കൾ 2ജി, 3ജി നെറ്റ്വർക്കുകൾ ഘട്ടംഘട്ടമായി നിർത്തുമെന്നാണ് സൂചനകൾ
കുവൈത്തിൽ രണ്ടാം, മൂന്നാം തലമുറ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് വിലക്ക്. 2023 സെപ്റ്റംബർ ഒന്ന് മുതലാണ് 2ജി, 3ജി മൊബൈൽ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയെന്ന് അധികൃതർ അറിയിച്ചു. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ഒമർ അൽ ഒമറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 2ജി, 3ജി ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന പെരിഫറൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾക്ക് സെപ്റ്റംബർ ഒന്നോടെ വിലക്ക് നിലവിൽ വരും.
മൊബൈൽ തലമുറ 5 ജിയും കടന്നുമുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് രണ്ടാം, മൂന്നാം തലമുറ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
അതേസമയം രാജ്യത്തെ ടെലികോം ദാതാക്കൾ 2ജി, 3ജി നെറ്റ്വർക്കുകൾ ഘട്ടംഘട്ടമായി നിർത്തുമെന്നാണ് സൂചനകൾ. അടുത്ത മാസത്തോടെ ഒറിഡോ മൊബൈൽ 3ജി സർവീസും ഈ വർഷം അവസാനത്തോടെ 2ജി സർവീസും നിർത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ മറ്റ് ടെലികോം കാരിയറുകളും ഉടൻ തന്നെ രണ്ടാം, മൂന്നാം തലമുറ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ സേവനങ്ങൾ നിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 2ജി, 3ജി നെറ്റ്വർക്കുകൾ നിർത്തുന്നതോടെ രാജ്യത്തെ ടെലികോം കമ്പനികൾക്ക് നൂതന സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കാൻ സാധിക്കും. 1992 ലാണ് കുവൈത്തിൽ 2ജി നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വന്നത്.
Kuwait bans import of 2G and 3G mobile products