കുവൈത്ത് സാറ്റ് - 1 വിജയകരമായി വിക്ഷേപിച്ചു
അമേരിക്കയിലെ ഫ്ലോറിഡ കേപ് കനാവറല്‍ സ്‌റ്റേഷനില്‍ നിന്നാണ് ബഹിരാകാശത്തേക്ക് കുതിച്ചത്
കുവൈത്തില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ഉപഗ്രഹമായ കുവൈത്ത് സാറ്റ് - 1 വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയിലെ ഫ്ലോറിഡ കേപ് കനാവറല്‍ സ്‌റ്റേഷനില്‍ നിന്നാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് വൈദഗ്ധ്യം നേടിയവരും മികച്ച പരിശീലനം നേടിയവരുമായ കുവൈത്തിലെ യുവ ശാസ്ത്രജ്ഞൻമാരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്.
നാലുവർഷത്തോളം ഗവേഷണവും പഠനവും നടത്തിയാണ് പ്രോജക്ട് പൂർത്തിയാക്കിയത്. ഉപഗ്രഹത്തിലെ ഹൈ ഡെഫനിഷൻ കാമറ വഴി രാജ്യത്തെ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് വിശകലനം ചെയ്യുവാന്‍ കഴിയും. നേരത്തേ തിങ്കളാഴ്ച വിക്ഷേപിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ചൊവ്വാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഉപഗ്രഹ നിര്‍മ്മാണത്തിനായി മൂന്ന് ലക്ഷത്തിപ്പതിനായിരം ദിനാറാണ് ചിലവ്.
അതിനിടെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ മന്ത്രിസഭ പ്രശംസിച്ചു. രാജ്യത്തിന്‍റെ ബഹിരാകാശ പരിശ്രമങ്ങളിലെ സുപ്രധാന ഘട്ടമാണ് ഇത്. ഭാവിയിൽ കുവൈത്ത് ബഹിരാകാശ പ്രവർത്തനങ്ങളുടെ നട്ടെല്ലായി മാറുമെന്നും കൃത്യമായ ആസൂത്രണത്തിലൂടെയും മികച്ച കാഴ്ചപ്പാടിലൂടെയുമാണ് കുവൈത്ത് സാറ്റ്-1 രൂപപ്പെടുത്തിയതെന്നും മന്ത്രിസഭ പറഞ്ഞു.