വേൾഡ് ഡെമോക്രസി ഇൻഡക്സ്: ഗൾഫ് മേഖലയിൽ കുവൈത്തിന് ഒന്നാം സ്ഥാനം
ബ്രിട്ടീഷ് ഇക്കണോമിസ്റ്റിന്റെ ഇൻഫർമേഷനാണ് വേൾഡ് ഡെമോക്രസി ഇൻഡക്സ് പട്ടിക പ്രസിദ്ധീകരിച്ചത്
വേൾഡ് ഡെമോക്രസി ഇൻഡക്സ് റാങ്കിംഗിൽ ഗൾഫ് മേഖലയിൽ കുവൈത്തിന് ഒന്നാം സ്ഥാനം. ബ്രിട്ടീഷ് ഇക്കണോമിസ്റ്റിന്റെ ഇൻഫർമേഷനാണ് വേൾഡ് ഡെമോക്രസി ഇൻഡക്സ് പട്ടിക പ്രസിദ്ധീകരിച്ചത്.
ബഹുസ്വരത, പൗരാവകാശങ്ങൾ, രാഷ്ട്രീയ സംസ്‌കാരം തുടങ്ങീ അഞ്ച് വിഭാഗങ്ങളിലായി 60 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. ഇവയിൽ കവൈത്ത് ഉയർന്ന നിലവാരം പ്രകടിപ്പിച്ചതായി പട്ടിക സൂചിപ്പിക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യത്തിന്റെ തോതും സ്വാതന്ത്ര്യവും മനുഷ്യാവകാശ സംരക്ഷണവും എല്ലാം കണക്കിലെടുത്താണ് സൂചിക തയ്യാറാക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുവൈത്ത്, അറബ് മേഖലയിൽ നാലാം സ്ഥാനവും നേടി. അതേസമയം, ആഗോള അടിസ്ഥാനത്തിൽ 110 സ്ഥാനത്തായിരുന്ന കുവൈത്ത് ഒരു സ്ഥാനം നഷ്ടപ്പെട്ട് 111-ാം സ്ഥാനത്തായി. ജി.സി.സി രാജ്യങ്ങളിൽ ഖത്തർ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് കുവൈത്തിന് തൊട്ടുപിന്നിലുള്ളത്. ആഗോളതലത്തിലെ റാങ്കിംഗിൽ നോർവേ ഒന്നാമതെത്തി.
167 രാജ്യങ്ങളിൽ ഏറ്റവും പിറകിലുള്ളത് അഫ്ഗാനിസ്ഥാനും മ്യാൻമാറുമാണുള്ളത്. അതിനിടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സൂചിക കണക്കാക്കിയ പകുതിയിലധികം രാജ്യങ്ങളുടെയും സ്‌കോറുകളിൽ ഇടിവുണ്ടായതായി പ്രാദേശിക മാധ്യമമായ അൽ-സെയാസ്സ റിപ്പോർട്ട് ചെയ്തു.