കുവൈത്തിൽ ട്രാഫിക് പട്രോൾ വാഹനങ്ങളുടെ നിറങ്ങള്‍ മാറുന്നു
300ഓളം ട്രാഫിക് പട്രോളിംഗ് വാഹനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറങ്ങുക
കുവൈത്തിൽ ജനുവരി ഒന്ന് മുതല്‍ ട്രാഫിക് പട്രോൾ വാഹനങ്ങളുടെ നിറങ്ങള്‍ മാറുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളോടെയാണ് പുതിയ ട്രാഫിക് വാഹനങ്ങള്‍ പുറത്തിറക്കുന്നത്. ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ പച്ച ചേർന്ന നീല നിറത്തിൽ നിന്ന് മഞ്ഞ നിറത്തിലേക്കാണ് മാറ്റം വരുത്തിയിരിക്കുന്നത്. 300ഓളം ട്രാഫിക് പട്രോളിംഗ് വാഹനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറങ്ങുക. ഇതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് ട്രാഫിക് വിഭാഗം വാഹനങ്ങൾ തിരിച്ചറിയുവാനും അടിയന്തര സാഹചര്യങ്ങളിൽ സഹായം അഭ്യർത്ഥിക്കുവാനും സാധ്യമാകുമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ അറിയിച്ചു.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്തുവാൻ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ ക്യാമറകൾ ഘടിപ്പിച്ച വാഹനങ്ങളും അടുത്ത് തന്നെ നിരത്തിലിറക്കുമെന്നും ഇത്തരം സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ ട്രാഫിക് നിയമ ലംഘനം ഗതാഗത വകുപ്പിന്‍റെ വെബ്‌സൈറ്റുകളില്‍ നേരിട്ട് അപ്‌ലോഡ് ചെയ്യുവാന്‍ സാധിക്കുമെന്നും യൂസഫ് അൽ ഖദ്ദ പറഞ്ഞു. നിലവിൽ രാജ്യത്ത് 500 ലേറെ പട്രോൾ വാഹനങ്ങളാണ് സര്‍വീസ് നടത്തുന്നത്.