"മെഡെക്‌സ് കോഴിക്കോട് ഫെസ്റ്റ് 2023" സമാപിപ്പിച്ചു
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് പതിമൂന്നാം വാർഷികാഘോഷം 'മെഡെക്‌സ് കോഴിക്കോട് ഫെസ്റ്റ് 2023' സംഘടിപ്പിച്ചു.
ഗഫൂർ മൂടാടി നഗറിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. റിജിൻ രാജ് അധ്യക്ഷനായിരുന്നു. ആക്‌സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും സ്ഥാപകനായ ഫാദർ ഡേവിസ് ചിറമേൽ അവയവ ദാനത്തിന്റെ മാഹാത്മ്യത്തെയും പ്രാധാന്യത്തെയും കുറിച്ച് സദസ്സിനു വിശദീകരിച്ചു.
സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ സലീം കൊമ്മേരി, സുരേഷ് കെ.പി, ഷാഫി കൊല്ലം എന്നിവരെ ഫാദർ ഡേവിസ് ചിറമേൽ ആദരിച്ചു. മെഡെക്‌സ് മെഡിക്കൽ കെയർ പ്രസിഡന്റ് മുഹമ്മദലി വി.പി, ഷൈജിത്ത് കെ, ഫിലിപ്പ് കോശി, ഹമീദ് കേളോത്ത് എന്നിവർ ആശംസകൾ നേർന്നു. സിനിമാ പിന്നണി ഗായകരായ ജ്യോത്സ്‌നയും സംഘവും അവതരിപ്പിച്ച ഗാനമേള പരിപാടിക്ക് മിഴിവേകി.