കുവൈത്തിൽ 20 കിലോ മയക്കുമരുന്നുമായി സൗദി പൗരൻ പിടിയിൽ

വിൽപനക്കായി കരുതിയ മെത്താംഫെറ്റാമൈനാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്

Update: 2025-09-03 12:52 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: സുലൈബിയയിൽ വൻ മയക്കുമരുന്ന് വേട്ടയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് വ്യാപാരിയെ അറസ്റ്റ് ചെയ്തത്. സൗദി പൗരനായ ഫഹദ് മാതർ അൽ റഷീദിയാണ് പിടിയിലായത്. ഇയാളുടെ നീക്കങ്ങൾ അധികൃതർ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ശേഷമാണ് അധികൃതർ പ്രതിയെ വലയിലാക്കിയത്. ഇയാളിൽ നിന്ന് 20 കിലോയോളം മെത്താംഫെറ്റാമൈൻ (ഷാബു) എന്ന മയക്കുമരുന്നും രണ്ട് ഇലക്ട്രോണിക് തുലാസ്സുകളും പിടിച്ചെടുത്തു. രാജ്യത്ത് വിതരണം ചെയ്യാനായി സൂക്ഷിച്ച ലഹരിവസ്തുക്കളാണ് ഇവയെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മയക്കുമരുന്ന് മാഫിയയിൽ നിന്ന് രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ശ്രമം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ 112 എന്ന എമർജൻസി ഹോട്ട് ലൈനിലൂടെ അറിയിച്ച് പൊതുജനങ്ങൾക്ക് സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും മന്ത്രാലയം ആഹ്വാനം ചെയ്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News