കുവൈത്തിൽ ശക്തമായ കാറ്റ് അടുത്ത ദിവസങ്ങളിലും തുടരും: കാലാവസ്ഥാ വകുപ്പ് ഡയറക്ടർ
ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത
കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ കാറ്റ് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽഅലി അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ ക്രമേണ പുരോഗതി പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദമാണ് നിലവിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി വീശും. ഇതിന്റെ ഫലമായി പൊടിപടലങ്ങൾ ഉയരുകയും, ദൃശ്യപരത കുറയുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. പകൽ സമയത്ത് ചൂടും പൊടിയുമാണ് പ്രതീക്ഷിക്കുന്നത്. പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായും രാത്രി 30 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ തീവ്രത വ്യാഴാഴ്ച വൈകുന്നേരത്തോടെ കുറയുമെന്നും കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും അൽഅലി കൂട്ടിച്ചേർത്തു.