കുവൈത്തിൽ പ്രമുഖ കമ്പനികളുടെ പേരിൽ എസ്എംഎസ്; പണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ
പ്രതികൾ ഒന്നിലധികം സിമ്മുകളും ഫോണുകളും കൈവശം വെച്ചിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ കമ്പനികളുടെ പേരിൽ വ്യാജ എസ്എംഎസ് അയച്ച് പണം തട്ടിയ രണ്ട് പേരെ ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതികൾ ഒന്നിലധികം സിമ്മുകളും ഫോണുകളും കൈവശം വെച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്ന ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് വിദേശത്തുള്ള വ്യക്തിയുമായി സഹകരിച്ച് സിം കാർഡുകൾ ഉപയേഗിച്ചതായി പ്രതികൾ സമ്മതിച്ചു.
പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും പൊതുസുരക്ഷയ്ക്കായി പ്രതികളെ നിയമപ്രകാരം നാടുകടത്തുന്നതായും അധികൃതർ അറിയിച്ചു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വ്യക്തമാക്കി. അജ്ഞാത സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ബാങ്കിംഗ് വിവരങ്ങളോ വ്യക്തിഗത ഡാറ്റയോ ആവശ്യപ്പെടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.