ഒരു വർഷം പൂർത്തിയാക്കിയ സ്ഥാപനങ്ങളിൽ ഒരു ഒമാനി പൗരൻ; വ്യക്തത വരുത്തി ഒമാൻ തൊഴിൽ മന്ത്രാലയം

2,45,000-ത്തിലധികം സ്ഥാപനങ്ങളിൽ ഒമാനൈസേഷൻ നിരക്ക് പൂജ്യം

Update: 2025-05-05 14:06 GMT

മസ്കത്ത്: ഒമാനിൽ ഒരു വർഷം പൂർത്തിയാക്കിയ സ്ഥാപനങ്ങളിൽ ഒരു ഒമാനി പൗരനെങ്കിലും വേണമെന്ന നിയമത്തിൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്. പത്തിൽ കൂടുതൽ തൊഴിലാളികളുള്ള കമ്പനികൾക്ക് നിയമനം നടപ്പിലാക്കാൻ മൂന്ന് മാസവും പത്തിൽ താഴെ ജീവനക്കാരുള്ളവർക്ക് ആറ് മാസത്തെ സമയവും ലഭിക്കും. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും, സാമ്പത്തിക യാഥാർഥ്യം മനസിലാക്കിയും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നിയമം നടപ്പിലാക്കാനാണ് മന്ത്രാലയം ഉദ്ധേശിക്കുന്നത്. ഒരു ഒമാനി പൗരനെ നിയമിക്കാതെ ഒരു വർഷം പൂർത്തിയാക്കിയ സ്ഥാപനങ്ങൾ വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഒരു തൊഴിൽ പദ്ധതി സമർപ്പിക്കേണ്ടതുണ്ടെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരാതികൾ അവലോകനം ചെയ്യാനും അസാധാരണമായ കേസുകൾ പഠിക്കാനുമായി മന്ത്രാലയം ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇത് നടപ്പാക്കലിന്റെ ആഘാതം നിരീക്ഷിക്കുകയും ശുപാർശകൾ നൽകുകയും ചെയ്യും. അതേസമയം വിവിധ തരം സ്ഥാപനങ്ങളിലെ ഒമാനൈസേഷൻ നിരക്കുകളിലെ ഗണ്യമായ അസമത്വം മന്ത്രാലയം ചൂണ്ടികാണിച്ചു. ഏകദേശം 1,000 വലിയ കമ്പനികൾ 2,45,000 പ്രവാസികൾക്കൊപ്പം ഭൂരിഭാഗം ഒമാനി പൗരന്മാരെയും ജോലിക്കെടുക്കുന്നുണ്ട്. 19,000 സ്ഥാപനങ്ങളിൽ 3,00,000 പ്രവാസികൾക്കൊപ്പം 60,000 ഒമാനികൾക്ക് മാത്രമേ ജോലി നൽകുന്നുള്ളൂ. 1.1 ദശലക്ഷത്തിലധികം പ്രവാസികൾ ജോലി ചെയ്യുന്ന 245,000-ത്തിലധികം സ്ഥാപനങ്ങളിൽ ഒമാനൈസേഷൻ നിരക്ക് പൂജ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News