ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
2023നെ അപേക്ഷിച്ച് 2024ൽ 18,308 തൊഴിലാളികളുടെ കുറവാണുള്ളത്
മസ്‌കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്, 2023നെ അപേക്ഷിച്ച് 2024ൽ 18,308 തൊഴിലാളികളുടെ കുറവാണ് രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് പ്രവാസി തൊഴിലാളികളുട എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. 2024 ഡിസംബർ അവസാനത്തോടെ 1,808,940 പ്രവാസി തൊഴിലാളികളാണ് ഒമാനിലുള്ളത്. 2023ൽ ഇത് 1,827,248 ആയിരുന്നു. ഇതോടെ മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗവൺമെൻറ് മേഖലയിലും പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി.
ഒമാൻ വിഷൻ 2040ന്റെ ഭാഗമായി തുടരുന്ന തൊഴിൽ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരൻമാരുടെ തൊഴിലിന് മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയാനിടയാക്കുന്നുണ്ട്.
പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ 3.1% കുറവാണ് ഗവൺമെന്റ് മേഖലയിലുള്ളത്. 2023-ൽ 44,178 പ്രവാസികളായിരുന്നു ഗവൺമെന്റ് മേഖലയിൽ ജോലി ചെയ്തിരുന്നത്. 2024-ൽ ഇത് 42,801 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ, പ്രവാസി തൊഴിലാളികളുടെ എണ്ണം1,448,342-ൽ നിന്ന് 1,427,363 ആയും കുറഞ്ഞു. അതായത് 1.4% ഇടിവ്. ഇക്കാലയളവിൽ പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബംഗ്ലാദേശ് പൗരൻമാരിലാണ്. മാറുന്ന റിക്രൂട്ട്മെന്റ് രീതികൾ, തൊഴിലാളികളെ ആവശ്യമുള്ള സെക്ടറുകളിലെ മാറ്റം തുടങ്ങിയവ പ്രവാസി തൊഴിലാളികളിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.