ഒമാനിൽ ഡിജിറ്റൽ ടാക്‌സ് സ്റ്റാംപ് ഇല്ലാതെ ശീതളപാനിയങ്ങൾക്ക് നിരോധനം; നവംബർ 1 മുതൽ പ്രാബല്യത്തിൽ

സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്‌സൈസ് പാനീയങ്ങൾ എന്നിവയുൾപ്പെടെ എല്ലാ എക്‌സൈസ് പാനീയങ്ങളും ഇതിൽ ഉൾപ്പെടുന്നു

Update: 2025-09-21 16:33 GMT

മസ്‌കത്ത്: ഒമാനിൽ ഡിജിറ്റൽ ടാക്‌സ് സ്റ്റാംപ് ഇല്ലാതെ ശീതളപാനിയങ്ങൾക്കുള്ള നിരോധനം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നികുതി അതോറിറ്റി. ഡിടിഎസ് സിസ്റ്റത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണ് നിരോധനം. നവംബർ 1 മുതൽ, ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പുകൾ അഥവാ ഡിടിഎസ് ഇല്ലാതെ എക്‌സൈസ് സാധനങ്ങളുടെ വിൽപ്പനയോ വിതരണവും ഒമാനിൽ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് നികുതി അതോറിറ്റി വ്യക്തമാക്കി. സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്‌സൈസ് പാനീയങ്ങൾ എന്നിവയുൾപ്പെടെ എല്ലാ എക്‌സൈസ് പാനീയങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, മധുര പാനീയങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ബാധകമായ എല്ലാ ഉൽപ്പന്നങ്ങളിലും സമയപരിധിക്ക് മുമ്പ് അംഗീകൃത നികുതി സ്റ്റാമ്പുകൾ ഉണ്ടായിരിക്കണമെന്ന് അതോറിറ്റി ഓർമപ്പെടുത്തി.

Advertising
Advertising

എല്ലാ ഇറക്കുമതിക്കാരും, നിർമ്മാതാക്കളും, റീട്ടെയിൽ ഔട്ട്ലെറ്റുകളും നിയമം പാലിക്കണമെന്നും നികുതി അതോറിറ്റി ആവശ്യപ്പെടുന്നു. എക്സൈസ് നികുതി നടത്തിപ്പിൽ സുതാര്യതയും നിയമപാലനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിടിഎസ് നടപ്പാക്കൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. 2019 ന്റെ മധ്യത്തിലാണ് രാജ്യത്ത് എക്‌സൈസ് നികുതി നിയമം പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം, സ്പിരിറ്റുകൾ, കാർബണേറ്റഡ്, എനർജി ഡ്രിങ്കുകൾ തുടങ്ങിയ ചില ഉൽപന്നങ്ങളിൽ 50 മുതൽ 100 ശതമാനം വരെ എക്‌സൈസ് നികുതി ചുമത്താൻ തുടങ്ങി.

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News