അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ പൂർണമായും ഒഴിവാക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു: ട്രംപ്
ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിന് എതിരെയും ട്രംപ് രംഗത്തെത്തി
ദോഹ: അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ പൂർണമായും ഒഴിവാക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച ഖത്തറിലെ ദോഹയിൽ സംസാരിക്കവേയാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. വിവിധ ജിസിസി രാജ്യങ്ങളിലെ സന്ദർശനത്തിലാണ് ട്രംപ്.
'അടിസ്ഥാനപരമായി ഒരു താരിഫും ഈടാക്കാതെയുള്ള ഒരു കരാർ അവർ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തു' ഇന്ത്യയെ കുറിച്ച് ഖത്തറിലെ ബിസിനസ്സ് നേതാക്കളുമായി നടന്ന പരിപാടിയിൽ യുഎസ് പ്രസിഡന്റ് പറഞ്ഞു. റോയിട്ടേഴ്സും ബ്ലൂംബെർഗും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ സർക്കാർ നൽകിയ ഓഫറിന്റെ വിശദാംശങ്ങൾ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയില്ല. അതേസമയം, ഈ അഭിപ്രായത്തെക്കുറിച്ച് കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിച്ചശേഷം ഇന്ത്യ യുഎസുമായി വ്യാപാര ചർച്ചകൾ ആരംഭിച്ചിരുന്നു. ഒരു ഉഭയകക്ഷി കരാറിന്റെ ആദ്യ ഘട്ടം രൂപപ്പെടുത്താൻ ഇരുപക്ഷവും സമ്മതിച്ചിരിക്കുകയാണ്. കൂടുതൽ ചർച്ചകൾക്കായി മെയ് 17 മുതൽ 20 വരെ ഇന്ത്യയുടെ വ്യാപാര മന്ത്രി യുഎസിൽ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാനുള്ള ആപ്പിളിന്റെ പദ്ധതിക്കെതിരെ ട്രംപ് പരസ്യമായി രംഗത്തെത്തി. ലോകത്ത് ഏറ്റവും നികുതി നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവിടെ ഐഫോണ്‍ നിര്‍മിക്കുന്നത് താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ട്രംപ് പറഞ്ഞു