ജിസിസി രാജ്യങ്ങളിലെ ജനസംഖ്യ ആറ് കോടി കടന്നു

2023 നെ അപേക്ഷിച്ച് 2024 ലെ ജനസംഖ്യയിൽ 21 ലക്ഷത്തിന്റെ വർധനവാണുണ്ടായത്

Update: 2025-07-12 16:10 GMT

ദോഹ: ജിസിസി രാജ്യങ്ങളിലെ ജനസംഖ്യ ആറ് കോടി കടന്നു. 2023 നെ അപേക്ഷിച്ച് 2024 ലെ ജനസംഖ്യയിൽ 21 ലക്ഷത്തിന്റെ വർധനവാണുണ്ടായത്. ലോക ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററാണ് ജനസംഖ്യ കണക്ക് പുറത്തുവിട്ടത്.

2024 ന്റെ അവസാനത്തിലെ കണക്ക് പ്രകാരം ആറ് ജിസിസി രാജ്യങ്ങളിലായി ജീവിക്കുന്നത് 6.12 കോടി ജനങ്ങളാണ്. 2023 നെ അപേക്ഷിച്ച് 21 ലക്ഷം കൂടുതലാണിത്. കോവിഡിന് ശേഷം ജനസംഖ്യയിൽ ക്രമാനുഗതമായ വളർച്ചയുണ്ട്. 2021 മുതൽ 2024 വരെ ജിസിസി ജനസംഖ്യയിൽ 76 ലക്ഷത്തിന്റെ വർധനയുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീ-പുരുഷാനുപാതത്തിലെ അന്തരം ഏറ്റവും കൂടുതലുള്ള മേഖല കൂടിയാണിത്. 169 പുരുഷൻമാർക്ക് 100 സ്ത്രീകൾ എന്നതാണ് കണക്ക്. ജിസിസി രാജ്യങ്ങളിൽ തൊഴിൽ തേടിയെത്തുന്നവരിൽ ഭൂരിപക്ഷവും പുരുഷൻമാരാണ് എന്നതാണ് ഇതിന് കാരണം. യുഎന്നിന്റെ കണക്ക് പ്രകാരം ജിസിസിയിലേക്കുള്ള തൊഴിൽ കുടിയേറ്റത്തിൽ 84 ശതമാനം പുരുഷന്മാരാണ്. ആഗോള തലത്തിൽ ഇത് 56 ശതമാനമാണ്. ഇതാണ് സ്ത്രീ-പുരുഷാനുപാതത്തിൽ അന്തരത്തിനുള്ള കാരണം. സൗദി അറേബ്യയാണ് ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News