മകന്റെ കൊലയാളിക്ക് വധശിക്ഷക്ക് തൊട്ട് മുൻപ് മാപ്പ് നൽകി സൗദി പൗരൻ

തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനെത്തിയ പിതാവാണ് പ്രതിക്ക് മാപ്പ് നൽകിയത്

Update: 2024-05-07 17:03 GMT

ദമ്മാം: മകന്റെ കൊലയാളിക്ക് അവസാന നിമിഷം മാപ്പ് നൽകി സൗദി പൗരൻ. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് പിതാവ് മാപ്പ് നൽകിയത്. മോചനദ്രവ്യം നൽകി വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ മുമ്പ് നിരവധി തവണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പിതാവ് വഴങ്ങിയിരുന്നില്ല.

തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനെത്തിയ പിതാവാണ് പ്രതിക്ക് മാപ്പ് നൽകിയത്. സൗദി ഹഫർ അൽബാത്തിനിലെ സ്വദേശി പൗരൻ അൽഹുമൈദ് അൽ ഹർബിയാണ് മകന്റെ ഘാതകന് അവസാന നിമിഷത്തിൽ നിരപാധികം മാപ്പ് നൽകി ഉദ്യോഗസ്ഥരെയും പ്രതിയെയും ഞെട്ടിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം ദിയാധനം നൽകി പ്രതിക്ക് മാപ്പ് നൽകാൻ നിരവധി തവണ ദയാഹർജിയുമായി പ്രതിയുടെ ബന്ധുക്കൾ അൽഹർബിയെയും കുടുംബത്തെയും സമീപിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം നിരസിക്കുകയാണുണ്ടായത്. ഒടുവിൽ ശിക്ഷ നടപ്പിലാക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കവെ ഉദ്യോഗസ്ഥർ പിതാവിനോട് അന്തിമ അനുമതി തേടിയപ്പോഴാണ് മാപ്പ് നൽകുന്നതായി അറിയിച്ചത്. ഒരു നഷ്ടപരിഹാരവും കൂടാതെയാണ് നിരുപാധികം മാപ്പ് നൽകിയത്. അവസാന നിമിഷം തന്റെ മകന്റെ ഘാതകന് മാപ്പ് നൽകാൻ സർവ്വശക്തൻ തന്നെ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ക്ഷമയുടെയും പൊതുമാപ്പിന്റെയും വഴി തെരഞ്ഞെടുത്ത പിതാവിനും കുടുംബത്തിനും അഭിനന്ദനങ്ങളും പ്രാർത്ഥനകളുമർപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് സന്തോഷം പങ്ക് വെച്ചത്.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News