സൗദിയിലെ ഏറ്റവും വലിയ റിസോർട്ട്!; റെഡ് സീ തീരത്തെ 'റിക്സോസ് മർജാന' തുറന്നു

മിഡിൽ ഈസ്റ്റിലെ ഏറ്റവും നീളമേറിയ സ്വിമ്മിങ് പൂൾ ഇവിടെയാണ്

Update: 2026-02-16 11:26 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ 'ഓൾ ഇൻക്ലൂസീവ്' റിസോർട്ടായ റിക്സോസ് മർജാന ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ഉദ്ഘാടനം ചെയ്തു. റെഡ് സീ തീരത്തെ കിങ് അബ്ദുല്ല എക്കണോമിക് സിറ്റിയിലാണ് (KAEC) ഈ വമ്പൻ പദ്ധതി സ്ഥിതി ചെയ്യുന്നത്. ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടിന്റെ (TDF) സാമ്പത്തിക സഹായത്തോടെയും നിക്ഷേപത്തോടെയുമാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്. ഇമാർ എക്കണോമിക് സിറ്റി കമ്പനി, എഫ്.ടി.ജി എന്നിവരുമായി സഹകരിച്ചാണ് ഇതിന്റെ നിർമാണവും വികസനവും പൂർത്തിയാക്കിയത്. ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് സി.ഇ.ഒ ഖുസൈ ബിൻ അബ്ദുല്ല അൽ-ഫഖ്രി, റിക്സോസ് ഹോട്ടൽസ് ബോർഡ് ചെയർമാൻ ഫത്താ തമിൻസെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertising
Advertising

കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് റിസോർട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. കടലിന്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന 488 മുറികളും സ്യൂട്ടുകളും കൂടാതെ 33 അത്യാധുനിക വില്ലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനും ആസ്വദിക്കാനുമായി മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും നീളമേറിയ സ്വിമ്മിങ് പൂൾ (111 മീറ്റർ) ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ലോകരാജ്യങ്ങളിലെ ഭക്ഷണങ്ങൾ ലഭ്യമാകുന്ന റെസ്റ്റോറന്റുകളും കഫേകളും റിസോർട്ടിലുണ്ട്. അതിഥികൾക്കായി അത്യാധുനിക ജിംനേഷ്യം, വിവിധ കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, പ്രത്യേക ഫിറ്റ്നസ് പ്രോഗ്രാമുകൾ എന്നിവയും ലഭ്യമാണ്. സൗദിയിലെ ആദ്യത്തെ ഹോട്ടൽ വാട്ടർ പാർക്കെന്ന പ്രത്യേകതയും റിക്സോസിനാണ്. 11 വൈവിധ്യമാർന്ന റൈഡുകൾ, എമറാൾഡ് ഡ്രോപ്പ്, വേവ് പൂൾ ലഗൂൺ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News