പാകിസ്താനുമായി പ്രതിരോധ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ
ഇരു രാജ്യങ്ങളെയും ആര് ആക്രമിച്ചാലും പ്രതിരോധിക്കാനുണ്ടാകുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ
റിയാദ്: ഇസ്‌ലാമിക ലോകത്തെ ഏക ആണവ ശക്തിയായ പാകിസ്താനുമായി സൗദി അറേബ്യ തന്ത്രപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഖത്തറിലേക്ക് നടന്ന ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് കരാർ. ഇരു രാജ്യങ്ങളെയും ആര് ആക്രമിച്ചാലും പ്രതിരോധിക്കാനുണ്ടാകുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളിലെ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കരാർ എന്നതും ശ്രദ്ധേയമാണ്.
ട്രംപിന്റെ സന്ദർശനത്തിന് ശേഷം ഒരു ഭരണാധികാരിക്ക് ലഭിച്ച മികച്ച സ്വീകരണമാണ് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ലഭിച്ചത്. സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ എത്തിയ അദ്ദേഹത്തെ സൗദി കിരീടാവകാശി സ്വീകരിച്ചു. ഇന്നലെ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് അഗ്രിമെന്റാണ് ലോക ശ്രദ്ധ നേടിയത്.
സൗദി അറേബ്യയും പാകിസ്താനും തമ്മിലുള്ള ഈ കരാർ, മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ സൃഷ്ടിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ. മിഡിൽ ഈസ്റ്റിലെ മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യം ഇതിൽ നിർണമായകമാണ്. ഇസ്രായേലിന്റെ ഗസ്സ വംശഹത്യയും ഖത്തർ ആക്രമണവും ഇതിന് പശ്ചാത്തലമൊരുക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ, അമേരിക്കയുടെ സുരക്ഷാ ഉറപ്പുകളെ ആശ്രയിച്ചാണ് നിൽക്കുന്നത്. എന്നാൽ ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷിയായ യുഎസ് അവർക്ക് വേണ്ടി ഗൾഫിനെ മറക്കുമെന്ന് തെളിയിച്ചതായിരുന്നു ദോഹ ആക്രമണം. ഈ പശ്ചാത്തലത്തിൽ യുഎസിനുള്ള പ്രതീകാത്മക മറുപടിയായും കരാറിനെ വിലയിരുത്താം.
ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് കരാറിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന് പിന്നാലെയും ഇന്ത്യയും പ്രതികരിച്ചു. കരാർ ദേശസുരക്ഷയ്ക്കും പ്രാദേശിക-ആഗോള സ്ഥിരതയ്ക്കും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷമാണ് സൗദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത്. എന്നാൽ പെഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ പെട്ടെന്ന് മടങ്ങിയിരുന്നു. ഇന്ത്യയുമായി മികച്ച ബന്ധം സൗദിക്കുണ്ട്. ഇതേ സമയം തന്നെ, ദുർബലമായ പാക് സമ്പദ്‌വ്യവസ്ഥക്കും സൗദി മികച്ച പിന്തുണ നൽകുന്നുണ്ട്. ഇന്ത്യ-പാക് പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ കരാർ ഇന്ത്യയിലും വാർത്താ പ്രധാന്യം നേടിയിട്ടുണ്ട്.