സൗദി പ്രവാസികൾക്ക് ആശ്വാസം; മടക്കയാത്രയുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു

ഇഖാമയുള്ളവരും സന്ദർശനവിസയിൽ വരുന്നവരും വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരും മുഖീം പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം

Update: 2021-06-14 18:09 GMT
Editor : Shaheer | By : Web Desk

കോവിഡ് പശ്ചാത്തലത്തിൽ വിവിധരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം. രാജകാരുണ്യത്തിലൂടെ വിദേശികളുടെ ഇഖാമയും റീഎൻട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനൽകുന്നതും ഇതിന്റെ ഭാഗമായാണ്. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പാക്കിയവർക്ക് പോലും രാജകാരുണ്യം തുണയായി.

കൂടാതെ വിദേശരാജ്യങ്ങളിൽ വച്ച് വാക്സിൻ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇളവനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് വാക്സിനേഷൻ വിവരങ്ങൾ തവക്കൽനാ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ നടപടികളും സൗദി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളിൽ തവക്കൽനാ ആപ്പ് പ്രവർത്തനസജ്ജമാക്കിയതും സൗദിയിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ്. ഇതിനുപുറമെയാണ് സൗദിയിലേക്ക് വരുന്ന മുഴുവൻ വിദേശികളും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം നൽകിയത്.

Advertising
Advertising

ജൂലൈ 16 മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. ഇഖാമയുള്ളവരും സന്ദർശനവിസയിൽ വരുന്നവരും വാക്സിൻ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും രജിസ്ട്രേഷൻ പൂർത്തിയാക്കണം. സൗദി വിമാനത്താവളങ്ങളിലെത്തുന്ന വിദേശികളുടെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കാനും പ്രവാസികൾക്ക് ആശങ്ക കൂടാതെ യാത്ര ചെയ്യാനും ഇതുവഴി സാധിക്കും.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വാക്സിൻ സ്വീകരിച്ച തിയതിയും ബാച്ച് നമ്പറും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചതോടെ സൗദി ആരോഗ്യ മന്ത്രാലയത്തിലെ രജിസ്ട്രേഷനും എളുപ്പമാകും. അതേസമയം വിമാനയാത്ര പ്രതിസന്ധിയും ഇന്ത്യയിൽനിന്ന് കോവാക്സിൻ സ്വീകരിച്ചവരുടെ പ്രശ്നങ്ങളും കൂടി വൈകാതെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News