യുഎഇയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ മാറ്റിവെച്ചു; ശസ്ത്രക്രിയ മലയാളി ഡോക്ടറുടെ നേതൃത്വത്തിൽ

യുഎഇയിലെ പ്രായം കുറഞ്ഞ കരൾ സ്വീകർത്താവ്, അബൂദബി ബുർജീൽ മെഡി.സിറ്റിയിലാണ് ഓപ്പറേഷൻ

Update: 2025-08-13 16:29 GMT

അബൂദബി: അബൂദബിയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിൽ വിജയകരമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തി. മലയാളി ഡോക്ടറുടെ നേതൃത്വത്തിലെ സംഘമാണ് 12 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ഇതോടെ അഹമ്മദ് യഹിയ എന്ന കുഞ്ഞ് യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി.

അബൂദബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ജന്മനാ അത്യപൂർവ ജനിതക തകരാറുമൂലം കരളിന്റെ പ്രവർത്തനം തകരാറിലാകുന്ന രോഗവസ്ഥയിലായിരുന്നു അഹമ്മദ് യഹിയ എന്ന കുഞ്ഞ്. യുഎഇ സ്വദേശികളായ പിതാവ് യഹിയക്കും മാതാവ് സൈനബ് അൽ യാസിക്കും 2010 ൽ കരൾ രോഗത്തെ തുടർന്ന് മറ്റൊരു മകനെ നഷ്ടപ്പെട്ടിരുന്നു. രോഗം തിരിച്ചറിഞ്ഞതോടെ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യ കുഞ്ഞിന് കരൾ പകുത്തുനൽകാൻ മുന്നോട്ടുവന്നു. ഡോ. ഗൗരബ് സെൻ, മലയാളിയായ ഡോ. ജോൺസ് ഷാജി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിസങ്കീർണമായ ശസ്ത്രക്രിയ.

ലോകത്ത് ഇരുപത്തിയഞ്ചിൽ താഴെ ആളുകൾക്ക് മാത്രം റിപ്പോർട്ട് ചെയ്ത ജനിതക തകരാറായിരുന്നു അഹമ്മദ് യഹിയയുടേത്. അത്യപൂർവരോഗാസ്ഥ വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞതും ശസ്ത്രക്രിയ വിജയിക്കുന്നതിൽ നിർണായകമായി. ഡോ. രാമമൂർത്തി ഭാസ്‌കരൻ, ഡോ. ജോർജ് ജേക്കബ്; ഡോ. അൻഷു എസ്, എന്നിവർ കുഞ്ഞിന്റെ അനസ്‌തേഷ്യ കൈകാര്യം ചെയ്തു. ഡോ. കേശവ രാമകൃഷ്ണനും സംഘവും ഓപ്പറേഷന് ശേഷമുള്ള പരിചരണത്തിന് നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News