അമേരിക്കന്‍ വിദേശകാര്യ മന്ത്രി സൗദിയില്‍; സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തി

ദ്വിദിന സൗദി സന്ദര്‍ശനത്തിനിടെ ജി.സി.സി-അമേരിക്കന്‍ യോഗത്തിലും ബ്ലിങ്കന്‍ പങ്കെടുക്കുന്നുണ്ട്

Update: 2023-06-07 18:33 GMT
Advertising

ജിദ്ദ: സൗദി കിരീടാവകാശി അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച നടത്തി. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ നടത്തിയ കൂടികാഴ്ചയില്‍ സാമ്പത്തിക, സുരക്ഷാ സഹകരണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. ദ്വിദിന സൗദി സന്ദര്‍ശനത്തിനിടെ ജി.സി.സി-അമേരിക്കന്‍ യോഗത്തിലും ബ്ലിങ്കന്‍ പങ്കെടുക്കുന്നുണ്ട്.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് ഇരു നേതാക്കളും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കി. വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുവാനും അറബ് മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും കൂടികാഴ്ചയില്‍ ചര്‍ച്ചയായി.

അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍ എന്നിവരും സന്നിഹിതരായിരുന്നു. ദ്വിദിന സൗദി സന്ദര്‍ശനത്തിനിടെ ജി.സി.സി-അമേരിക്കന്‍ യോഗത്തിലും ബ്ലിങ്കന്‍ പങ്കെടുക്കും. ഐ.എസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെ യോഗത്തിലും സംബന്ധിക്കും. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആയുധ വില്‍പന, സംയുക്ത സൈനിക പരിശീലനം, സര്‍ക്കാരിതര ഗ്രൂപ്പുകളില്‍ മിസൈലുകളും ഡ്രോണുകളും വ്യാപിക്കുന്നത് തടയല്‍ അടക്കമുള്ള സുരക്ഷാ കാര്യങ്ങളില്‍ സൗദി അറേബ്യയുമായുള്ള പങ്കാളിത്തം ശക്തമാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News