കറുത്ത അരിയോ? നെറ്റി ചുളിക്കേണ്ട.... ചില്ലറക്കാരനല്ല ഈ 'ബ്ലാക് റൈസ്'

പുരാതന ചൈനയിൽ കറുത്ത അരി സാധാരണക്കാര്‍ കഴിക്കുന്നതും കൃഷി ചെയ്യുന്നതും വിലക്കിയിരുന്നു

Update: 2022-09-25 14:19 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: മറ്റേത് സംസ്ഥാനത്തേക്കാളും ചോറ് ഒഴിവാക്കാനാവാത്തവരാണ് നമ്മൾ മലയാളികൾ. ഒരു നേരമെങ്കിലും ചോറ് കഴിക്കാതെയിരിക്കാൻ മലയാളിക്ക് സാധിക്കില്ല. കേരളം വിട്ട് പുറത്ത് പോകുന്നവർക്കാണ് നമ്മുടെ ചോറിന്റെയും കറിയുടെയും വില നന്നായി മനസിലാകുക. തൂശനിലയിൽ വിളമ്പിയ തൂവെള്ള ചോറിൽ നല്ല കറിയൊഴിച്ച് കഴിക്കുന്നതൊക്കെ അത്രമേൽ പ്രിയപ്പെട്ടതാണ് മലയാളികൾക്ക്. എന്നാൽ കറുത്ത അരികൊണ്ടുണ്ടാക്കിയ ചോറ് കഴിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ.. വെറുതെ പറയുന്നതല്ല. കറുത്ത നിറത്തിലുള്ള അരിയും വിപണയിൽ ലഭ്യമാണ്. പക്ഷേ കിലോക്ക് മുന്നൂറ് നാന്നൂറ് രൂപയിലും മുകളിലുണ്ടെന്ന് മാത്രം.

Advertising
Advertising

വെറുതെയല്ല ഒരുപാട് ആരോഗ്യഗുണങ്ങളുള്ള അരിയാണിത്. ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ള അരി പ്രമേഹമടക്കമുള്ള ഒരുപാട് രോഗങ്ങൾ ശമിക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ചൈനയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ബ്ലാക് റൈസ് കൂടുതലായും കൃഷിചെയ്യുന്നത്. കേരളത്തിലെ ചിലയിടങ്ങളിലും ഈ അരി കൃഷി ചെയ്തിട്ടുണ്ട്.


 പുരാതന ചൈനയിൽ കറുത്ത അരിക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തിയിരുന്നു. ഇത് സാധാരണക്കാര്‍ കഴിക്കുന്നതും കൃഷി ചെയ്യുന്നതും വിലക്കുകയും ചെയ്തിരുന്നു. ആരോഗ്യഗുണങ്ങളുടെ പേരില്‍ ഈ അരികള്‍ വരേണ്യ വിഭാഗത്തിലെ ആളുകള്‍ക്ക് മാത്രമേ കഴിക്കാന്‍ അനുവാദമുണ്ടായിരുന്നൊള്ളൂ. ഇന്ന് ആ വിലക്കുകളില്ല.

മറ്റ് അരികളെ അപേക്ഷിച്ച് ബ്ലാക് റൈസിൽ ഫൈബറിന് പുറമെ പ്രോട്ടീനും കൂടുതലുണ്ട്. 23 തരം ആന്റി ഓക്സിഡന്റുകളും ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയാരോഗ്യത്തിനും ബ്ലാക്ക് റൈസ് നല്ലതാണെന്നും പറയുന്നു. മുന്തിരിക്കും ഞാവൽ പഴത്തിനുമെല്ലാം കടുംവയലറ്റ് നിറംനൽകുന്ന ആന്തോസയാനിനാണ് അരിക്ക് കറുപ്പുനിറം നൽകുന്നത്.

ബ്ലാക് റൈസിന്റെ മറ്റ് ആരോഗ്യഗുണങ്ങൾ

  • കറുത്ത അരി പ്രമേഹമുള്ളവർക്ക് ആരോഗ്യകരമാണെന്ന് അറിയപ്പെടുന്നു. അവയിൽ ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾക്കൊപ്പം, കറുത്ത അരിക്ക് ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉണ്ട്.  ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഒരു കപ്പ് അരിയുടെ നാലിലൊന്ന് പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രകൃതിദത്ത നാരുകൾ, ഇരുമ്പ്, കലോറി എന്നിവ ലഭിക്കും.
  •  കറുത്ത അരിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അരിയില്‍ ഗ്ലൂറ്റൻ അടങ്ങിയിട്ടില്ല. ശരീരഭാരം കുറയുമ്പോൾ, പ്രമേഹമടക്കമുള്ള പല രോഗങ്ങളും ഇല്ലാതാകുകയും ചെയ്യും. രോഗലക്ഷണങ്ങളും മെച്ചപ്പെടും.
  • ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നത് വളരെ പ്രധാനമാണ്, കറുത്ത അരി കഴിക്കുന്നത് സഹായിക്കും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഈ അരി സഹായിക്കും.
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News