നമ്മുടെ അടുക്കളകളിലെ ഒരു അവിഭാജ്യ ഘടകമാണ് കറിവേപ്പില. സ്വാദിനും സുഗന്ധത്തിനുമായി മാത്രം ഉപയോഗിക്കുന്നതായി പലരും കരുതാറുണ്ടെങ്കിലും, ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഈ ചെറിയ പച്ച ഇലകൾ. വീട്ടിലെ പ്രായമുള്ളവർ പറഞ്ഞിരുന്ന ഈ കാര്യങ്ങൾ ഇന്ന് ആധുനിക ശാസ്ത്രവും ശരിവെക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ ഹൃദയാരോഗ്യം വർധിപ്പിക്കുന്നത് വരെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കറിവേപ്പില നൽകുന്ന സംഭാവനകൾ ചെറുതല്ല.
ഒന്നാമതായി, കറിവേപ്പില സ്വാഭാവികമായി ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ഇതിന്റെ രുചി ദഹന എൻസൈമുകൾ പുറത്തുവിടാൻ വയറിനെ സഹായിക്കുകയും വയറുവീർപ്പ് കുറയ്ക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള കുടൽ ആരോഗ്യത്തിന് കറിവേപ്പില അത്യുത്തമം.
കറിവേപ്പില ചൂടുള്ള എണ്ണയിൽ താളിക്കുമ്പോൾ ഉണ്ടാകുന്ന 'ഗിരിനിമ്പിൻ' (girinimbine) എന്ന സംയുക്തം വയറ്റിലെ അൾസർ കുറയ്ക്കുന്നതിനും കുടലിന്റെ ആന്തരിക പാളികളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളിലൂടെ ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഭാരം നിയന്ത്രിക്കുന്നതിലും കറിവേപ്പില സുപ്രധാന പങ്ക് വഹിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള സംയുക്തങ്ങൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 'മഹാനിമ്പിൻ' (mahanimbine) എന്ന സംയുക്തം മെറ്റബോളിസത്തെ നിയന്ത്രിക്കാനും വിശപ്പ് അടിച്ചമർത്താനും ഊർജത്തിന്റെ ഉപഭോഗം വർധിപ്പിക്കാനും കഴിവുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശരീരഭാരം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറിവേപ്പില വളരെ ഫലപ്രദമാണ്. ഹൈപ്പോഗ്ലൈസെമിക്, ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ഈ ഇലകളിൽ ധാരാളമായുണ്ട്. ദക്ഷിണേന്ത്യയിൽ പ്രമേഹരോഗികൾ സാധാരണയായി കറിവേപ്പില കഴിക്കാറുണ്ട്. കറിവേപ്പിലയുടെ സത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളും തെളിയിക്കുന്നു.
ശക്തമായ ആന്റിഓക്സിഡന്റുകളുടെ വലിയ ഉറവിടമാണ് കറിവേപ്പില. ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്നും വീക്കത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കാൻ ഈ ആന്റിഓക്സിഡന്റുകൾക്ക് കഴിയും. വർധിച്ചു വരുന്ന വായു, ജല മലിനീകരണങ്ങൾ നമ്മുടെ ആന്തരികാവയവങ്ങളിൽ ഏൽപ്പിക്കുന്ന സമ്മർദം കുറയ്ക്കാൻ ഇത് സഹായിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അതിനാൽ, കറിവേപ്പിലയെ സ്വാദിനും ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഒരു 'ഫങ്ഷണൽ ഫുഡ്' ആയി കണക്കാക്കാം.
കറിവേപ്പില മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. ജൈവ സംയുക്തങ്ങൾ, വൈറ്റമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ കറിവേപ്പില മുടിയിഴകൾക്ക് സ്വാഭാവികമായ ആരോഗ്യം നൽകുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കാനും വേരുകൾക്ക് ബലം നൽകാനും ഇതിന് സാധിക്കും. ഇതിലെ അമിനോ ആസിഡ് ഘടകം മുടി വളരുന്നതിനെ പ്രോത്സാഹിപ്പിക്കുകയും, തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തി മുടിയിഴകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ അകാല നര തടയാനും സഹായിക്കുന്നു.
ഇതൊന്നും കൂടാതെ, കറിവേപ്പില ഹൃദയാരോഗ്യം വർധിപ്പിക്കാൻ ഉത്തമമാണ്. ഇതിലെ നാരുകളും ആന്റിഓക്സിഡന്റുകളും കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയ സംബന്ധമായ ക്ഷേമത്തെ പിന്തുണയ്ക്കാനും സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കുന്നതിലൂടെ കൊഴുപ്പും ഗ്ലൂക്കോസും ക്രമപ്പെടുത്തുന്ന കറിവേപ്പില ഹൃദയത്തിന് പരോക്ഷമായി ഗുണം ചെയ്യും. കാരണം, പ്രമേഹം ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഒരു പ്രധാന കാരണമാണ്. ബീറ്റാ കരോട്ടിൻ, ഫൈബർ, വൈറ്റമിൻ സി എന്നിവ ഉൾപ്പെടുന്ന ഇതിന്റെ ഘടകങ്ങൾ മൊത്തത്തിലുള്ള കൊളസ്‌ട്രോളും മറ്റ് ഹൃദയാരോഗ്യ സൂചകങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈ ഗുണങ്ങൾ കറിവേപ്പിലയെ ദൈനംദിന ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു ചേരുവയാക്കി മാറ്റുന്നു. എങ്കിലും, ഏതെങ്കിലും ആരോഗ്യപരമായ അവസ്ഥകൾ ഉള്ളവരോ പുതിയ ഭക്ഷണക്രമം തുടങ്ങാൻ ഉദ്ദേശിക്കുന്നവരോ ശരിയായ അളവിനും രൂപത്തിനുമായി ഒരു ഡോക്ടറുമായോ ആരോഗ്യ വിദഗ്ധനുമായോ കൂടിയാലോചിക്കുന്നത് എപ്പോഴും നല്ലതാണ്.