ലഖ്നൗ: റീൽസ് കാണുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് പത്ത് വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ അമോഹ ജില്ലയിലെ ജുഝേല സ്വദേശി മായങ്ക് ആണ് മരിച്ചത്. ധനൗര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
വീട്ടിലെ കട്ടിലിൽ ഇരുന്ന് സ്മാർട്ട് ഫോണിൽ റീൽസ് കാണുകയായിരുന്ന കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം വീട്ടുകാർ മറ്റ് തിരക്കുകളിലായിരുന്നു. മായങ്ക് വീണതുകണ്ട ഇവർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ധനൗരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാഡീമിടിപ്പും രക്തസമ്മർദവുമുൾപ്പെടെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ വീട്ടിലെത്തിച്ച കുടുംബക്കാർ അന്ത്യകർമങ്ങൾ നടത്തിയതിനാൽ മരണകാരണം കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, കുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ചെറുപ്രായത്തിൽ എന്തുകൊണ്ടാണ് ഹൃദയാഘാതമുണ്ടായതെന്ന കാര്യം വ്യക്തമല്ല.
കർഷകനായ ദീപക് കുമാർ- പുഷ്പ ദേവി ദമ്പതികളുടെ മകനാണ് മരിച്ച മായങ്ക്. ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്. സംഭവത്തിൽ കടുത്ത ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളും ഗ്രാമവാസികളും.
കഴിഞ്ഞവർഷം ഡിസംബറിൽ ആന്ധ്രാപ്രദേശിലെ അംബേദ്കർ കൊനസീമ ജില്ലയിൽ 14കാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 10ാം ക്ലാസ് വിദ്യാർഥിനി നല്ലമില്ലി സിരിയാണ് മരിച്ചത്.
അതിനു മുമ്പ് ഒക്ടോബറിൽ മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് മരിച്ചത്. ഗോൾഡൻ വിസ ലഭിച്ചിട്ടുള്ള വിദ്യാർഥിയായിരുന്നു വൈഷ്ണവ്.
കഴിഞ്ഞ ജൂലൈയിൽ രാജസ്ഥാനിലും സമാന മരണം സംഭവിച്ചിരുന്നു. ഒമ്പതു വയസുകാരിയായ സ്കൂൾ വിദ്യാർഥിനിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഉച്ചഭക്ഷണത്തിൻ്റെ പാത്രം തുറക്കുന്നതിനിടെയായിരുന്നു കുട്ടി കുഴഞ്ഞുവീണത്. സികാറിലെ ഒരു സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി.
2024 ഡിസംബറിൽ ഉത്തർപ്രദേശിൽ സ്‌കൂളിൽ കായിക മത്സര പരിശീലനത്തിനിടെ 14കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. അതേവർഷം സെപ്തംബറിൽ യുപി ലഖ്‌നൗവിലെ സ്‌കൂളിൽ ഒമ്പതുകാരിയായ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ബോധരഹിതയായി വീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2023 ഏപ്രിലിൽ ബഹ്റൈനിൽ 14 വയസുകാരി ഹൃദയാഘാതം മുലം മരിച്ചിരുന്നു. മലയാളിയായ സെറ റേച്ചല്‍ അജി വര്‍ഗീസ് ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളായ അജി കെ. വര്‍ഗീസ്- മഞ്ജു ദമ്പതികളുടെ മകളാണ്.