Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഡൽഹി: 2020 ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളിൽ കുറ്റാരോപിതരായ 30 പേരെ ഡൽഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. മൂന്ന് പേരെ കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളിൽ ഒരാഴ്ചയ്ക്കുള്ളിൽ നാല് കുറ്റവിമുക്തരാക്കൽ ഉത്തരവുകൾ കർക്കാർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2020 ഫെബ്രുവരിയിൽ നടന്ന അക്രമം നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും ഡൽഹി പൊലീസ് ആരോപിച്ചു. എന്നാൽ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമർശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.