ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കൊണ്ടിരുന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; എട്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്ക്
മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: ഡൽഹി വസന്ത് വിഹാറിൽ അമിതവേഗതിയലെത്തിയ കാർ പാഞ്ഞുകയറി ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു. മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ എട്ടുവയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
രാജസ്ഥാൻ സ്വദേശികളായ ലതി(40), ബിംല(8), സബമി(45), നാരായണി(35), രാമചന്ദ്ര(45) എന്നിവർക്കാണ് പരിക്ക്. മുനിർക്ക ഫ്‌ലൈഓവറിന് സമീപത്തെ ശിവ ക്യാമ്പിലെ ജോലിക്കാരാണ് ഇവർ.
ബുധനാഴ്ച പുലർച്ചെയാണ് ഉത്സവ് ശേഖർ ഓടിച്ചിരുന്ന ആഢംബര വാഹന നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുന്നവരുടെ മുകളിലൂടെ കയറിയിറങ്ങിയത്. തുടർന്ന് കുറച്ച് ദൂരം സഞ്ചരിച്ച കാർ നിർത്തിയിട്ട മറ്റൊരു വാഹനത്തിലിടിച്ച് നിർത്തുകയായിരുന്നു. പരിക്കേറ്റവർ ഉറക്കത്തിലായിരുന്നതിനാൽ ഒന്നു ചെയ്യാനായില്ല. പിന്നീട് ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പരിക്കേറ്റവരെ പൊലീസെത്തിയാണ് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടമുണ്ടാക്കിയ ശേഷം ട്രക്കിലിടിച്ചു നിർത്തിയ വാഹനവും പ്രതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഡ്രൈവർക്കെതിരെ കേസെടുത്തു. ദ്വാരകയിൽ നിന്നും നോയിഡയിലേക്ക് പോവുകയായിരുന്നു വാഹനമെന്നും ഡ്രൈവർ മദ്യപിച്ചിരുന്നതായും ഡെപ്യൂട്ടി കമ്മീഷണർ അമിത് ഗോയൽ വ്യക്തമാക്കി.