കള്ളപ്പണം വെളുപ്പിക്കൽ കേസ്: നോറ ഫത്തേഹിയെ സാക്ഷിയാക്കിയത് പക്ഷപാതപരമെന്ന് ജാക്വലിൻ ഫെർണാണ്ടസ്

ഇതുവരെ അന്വേഷണ ഏജൻസിയുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും എല്ലാ സമൺസിനും മറുപടി നൽകിയിട്ടുണ്ടെന്നും ജാക്വലിൻ സമർപ്പിച്ച അപ്പീൽ ഹരജിയിൽ പറയുന്നു.

Update: 2022-08-25 11:33 GMT
Advertising

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നോറ ഫത്തേഹി അടക്കമുള്ളവരെ സാക്ഷികളാക്കി തന്നെ മാത്രം പ്രതിയാക്കാൻ ശ്രമിക്കുകയാണെന്ന് ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ്. 200 കോടി കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിൽനിന്ന് നോറ ഫത്തേഹിയും മറ്റു സെലിബ്രിറ്റികളും പാരിതോഷികങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും പിഎംഎൽഎ അപ്പീൽ അതോറിറ്റിയിൽ സമർപ്പിച്ച ഹരജിയിൽ ജാക്വലിൻ ആരോപിച്ചു.

കുറ്റപത്രത്തിൽ ആരോപിക്കപ്പെടുന്ന ഫിക്‌സഡ് ഡെപ്പോസിറ്റിലെ പണം നിയമാനുസൃതമായ മാർഗത്തിലൂടെ ഉണ്ടാക്കിയതാണെന്നും, മുഖ്യപ്രതിയായ ചന്ദ്രശേഖർ ഈ ലോകത്ത് ഉണ്ടോയെന്ന് പോലും അറിയുന്നതിനും എത്രയോ മുമ്പ് ഉണ്ടാക്കിയ പണമാണെന്നും ഹരജിയിൽ പറയുന്നു.

ഇതുവരെ അന്വേഷണ ഏജൻസിയുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും എല്ലാ സമൺസിനും മറുപടി നൽകിയിട്ടുണ്ടെന്നും ജാക്വലിൻ സമർപ്പിച്ച അപ്പീൽ ഹരജിയിൽ പറയുന്നു. സാധ്യമായ എല്ലാ വിവരങ്ങളും ഇഡിക്ക് കൈമാറിയിട്ടുണ്ട്. ഈ വിഷയത്തിൽ താൻ ചതിക്കപ്പെടുകയായിരുന്നു. മുഖ്യപ്രതിയായ ചന്ദ്രശേഖർ സ്വീകരിച്ച തന്ത്രങ്ങളുടെ ഇരയാക്കപ്പെടുകയായിരുന്നു താനെന്നും ഹരജിയിൽ പറയുന്നു. പ്രോസിക്യൂഷൻ വാദങ്ങളെല്ലാം ശരിയാണെന്ന് വാദത്തിനായി സമ്മതിച്ചാൽ പോലും പിഎംഎൽഎ ആക്ട് വഴിയോ മറ്റേതെങ്കിലും നിയമപ്രകാരമോ തനിക്കെതിരെ ഒരു കേസും എടുത്തിട്ടില്ലെന്നും ജാക്വലിൻ അപ്പീൽ അതോറിറ്റിയെ അറിയിച്ചു.

ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ജാക്വലിൻ ഫെർണാണ്ടസുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം നേടിയിരുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പതു ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് ജാക്വലിന് നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News