കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്എംഎസ്, ഉൾപ്പെടെ 17 ഓളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ അഖിന്ത്യ പണിമുടക്ക് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും മുന്നിലും പ്രതിഷേധിക്കും. കെഎസ്ആർടിസി സർവീസുണ്ടാവും എന്ന ഗതാഗത മന്ത്രിയുടെ വാക്കുകൾ തള്ളി ജീവനക്കാരുടെ യൂണിയനുകൾ രംഗത്ത് വന്നു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്എംഎസ്, ഉൾപ്പെടെ 17 ഓളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിംഗ് ഇൻഷുറൻസ് മേഖലയിലുള്ളവരും, പണിമുടക്കുന്നുണ്ട്. കേരളത്തിൽ കെഎസ്ആർടിസി സർവീസ് നടത്തുമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞത്.
എന്നാൽ മന്ത്രിയുടെ വാക്കുകൾ കെഎസ്ആർടിസിയിലെ യൂണിയനുകൾ തള്ളി. പണിമുടക്കിൽ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകൾ അറിയിച്ചു. രണ്ടാഴ്ച മുമ്പേ പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും യൂണിയനുകൾ വ്യക്തമാക്കി. ലേബർകോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക,
സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് അഖിലേന്ത്യ പണിമുടക്ക്.