തോക്കുമായെത്തി ഐസിയുവിൽ അതിക്രമിച്ച് കയറി; പട്‌നയിൽ കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു

കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടന്നുവരികയാണ്

Update: 2025-07-17 14:03 GMT

പട്‌ന: ബിഹാറിലെ പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയിൽ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കൽ പരോളിലായിരുന്ന ബുക്‌സാർ സ്വദേശി ചന്ദനാണ് കൊല്ലപ്പെട്ടത്.

തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് ഐസിയുവിലായിരുന്ന ചന്ദനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടന്നുവരികയാണ്. കൊല്ലപ്പെട്ട ചന്ദൻ നിരവധി കൊലപാതക കേസിൽ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാർത്തികേയ് ശർമ പറഞ്ഞു.

Advertising
Advertising

കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസാണ് ആശുപത്രിയിൽ തോക്കുമായെത്തിയ പ്രതികളുടെ സിസിടിവി ദൃശ്യം എക്‌സിൽ പങ്കുവെച്ചത്. കുറ്റവാളികൾ ബിഹാറിൽ എത്ര നിർഭയത്തോടെയാണ് വിഹരിക്കുന്നതെന്ന് കണ്ടുനോക്കൂ എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.

ബിഹാറിൽ ആരെങ്കിലും സുരക്ഷിതരാണോ? 2005ൽ ആർജെഡിയുടെ ഭരണകാലത്ത് ഇത്തരത്തിലൊരു സംഭവം ബിഹാറിൻ നടന്നിട്ടുണ്ടോ? എന്നുമാണ് ആർജെഡി നേതാവ് തേജസ്വി യാദവ് ചോദിച്ചത്. നഴ്‌സോ, ഡോക്ടറോ ആരുമാകട്ടെ, ബിഹാറിൽ ആരും സുരക്ഷിതരല്ലെന്നും ജാതി നോക്കിയാണ് കുറ്റവാളികളെ തെരഞ്ഞെടുക്കുന്നതെന്നും പപ്പു യാദവ് ആരോപിച്ചു. ബിഹാറിൽ ഭരണകൂടമെന്നൊന്നില്ലെന്നും പപ്പു പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News