Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായം പറഞ്ഞതിന് ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത അശോക സർവകലാശാല പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന് സുപ്രിം കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് അന്വേഷിക്കാൻ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ 24 മണിക്കൂറിനുള്ളിൽ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
അന്വേഷണം സുഗമമാക്കുന്നതിന് വേണ്ടിയാണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പ്രഫ. അലി ഖാൻ മഹ്മൂദാബാദിനോട് അദ്ദേഹത്തിനെതിരായ രണ്ട് എഫ്‌ഐആറുകൾക്കും ഒരൊറ്റ ജാമ്യ ബോണ്ട് സമർപ്പിക്കാനും സോനെപത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ പാസ്‌പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തെത്തുടർന്ന് പാകിസ്‌താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾക്കെതിരായ ഇന്ത്യൻ സൈനിക നടപടിയെക്കുറിച്ചുള്ള മാധ്യമസമ്മേളനങ്ങളെക്കുറിച്ചുള്ള പരാമർശത്തിനാണ് അലി ഖാൻ മഹ്മൂദാബാദിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഹരിയാനയിലെ ഭാരതീയ ജനതാ പാർട്ടിയുടെ യുവമോർച്ച യൂണിറ്റ് ജനറൽ സെക്രട്ടറി യോഗേഷ് ജതേരിയുടെ പരാതിയിലും ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയയുടെ പരാതിയിലുമാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.
ഭാരതീയ ന്യായ സംഹിത പ്രകാരം സാമുദായിക ഐക്യം നിലനിർത്തുന്നതിന് വിരുദ്ധമായ പ്രവൃത്തികൾ, ഐക്യത്തിന് കോട്ടം വരുത്തുന്ന പ്രസ്താവനകൾ, ദേശീയ പരമാധികാരത്തെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ, സ്ത്രീകളുടെ എളിമയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകൾ എന്നിവയ്ക്കെതിരെയാണ് പ്രഫസർക്കെതിരെ കേസെടുത്തിരിക്കുന്നത്. അലി ഖാൻ മഹ്മൂദാബാദിനെ പ്രതിനിധാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.
മെയ് 18ന് ഡൽഹിയിൽ നിന്ന് ഹരിയാന പോലീസ് പ്രഫ. അലി ഖാനെ അറസ്റ്റ് ചെയ്യുകയും വിദേശ യാത്രകൾ അന്വേഷിക്കാൻ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടുതൽ പോലീസ് കസ്റ്റഡിക്കുള്ള അപേക്ഷ സോനെപത് മജിസ്‌ട്രേറ്റ് നിരസിക്കുകയും മെയ് 27 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയും ചെയ്തു.