'ഔറംഗസീബിന്റെ പിന്മുറക്കാർ ഇപ്പോൾ റിക്ഷ തള്ളുന്നവരായി'; വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

ഔറംഗസീബ് ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങളും മതകേന്ദ്രങ്ങളും നശിപ്പിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സന്തതികൾക്ക് ഇത്തരം സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു

Update: 2025-12-21 06:15 GMT

ലഖ്‌നൗ: മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബിനെയും അദ്ദേഹത്തിന്റെ വംശപരമ്പരയെയും കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശം വിവാദത്തിൽ. ഔറംഗസീബിന്റെ പിൻമുറക്കാർ ഇപ്പോൾ കൊൽക്കത്തയിൽ താമസിക്കുന്നുണ്ടെന്നും റിക്ഷ വലിച്ചാണ് അവർ ഉപജീവനം നടത്തുന്നതെന്നും ലഖ്‌നൗവിൽ നടന്ന ഒരു പരിപാടിയിൽ ആദിത്യനാഥ് പറഞ്ഞു. ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

''ഔറംഗസീബിന്റെ പിൻമുറക്കാർ കൊൽക്കത്തക്ക് സമീപം താമസിക്കുന്നുണ്ടെന്നും അവർ റിക്ഷാക്കാരായി ഉപജീവനം കണ്ടെത്തുന്നുണ്ടെന്നും ചിലർ എന്നോട് പറഞ്ഞു. ഔറംഗസീബ് ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങളും മതകേന്ദ്രങ്ങളും നശിപ്പിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സന്തതികൾക്ക് ഇത്തരം സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നു''- ആദിത്യനാഥ് പറഞ്ഞു.

ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ യോഗി ആദിത്യനാഥ് അതൃപ്തി പ്രകടിപ്പിച്ചു. സനാതന മൂല്യങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഋഷിമാർ 'വസുദൈവ കുടുംബകം' എന്ന ആശയം വിഭാവനം ചെയ്തു. പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും വിശ്വാസങ്ങൾക്കും അഭയം നൽകിയ ഒരേയൊരു മതം സനാതന ധർമമാണ്. എന്നാൽ അതേ പരിഗണന ഹിന്ദുക്കൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News