Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: ഡല്‍ഹി വായുമലിനീകരണത്തിനെതിരെ ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് ജാമ്യം. ഒമ്പത് പേര്‍ക്കാണ് ജാമ്യം. മലയാളി വിദ്യാര്‍ഥിയായ കാസര്‍കോട് സ്വദേശി വാഫിയക്കും ജാമ്യം ലഭിച്ചു. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.
രാജ്യതലസ്ഥാനത്ത് തുടരുന്ന വായുമലിനീകരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ പ്രതിഷേധപ്രകടനം നടത്തിയത്. ഇതില്‍ മലയാളി വിദ്യാര്‍ഥികളടക്കം 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ഒമ്പത് പേര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
നേരത്തെ, ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ സുപ്രിംകോടതി രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു.
ഡല്‍ഹി വായുമലിനീകരണം പരിഹരിക്കാന്‍ കോടതിയുടെ കയ്യില്‍ മാന്ത്രികവടിയൊന്നും ഇല്ലെന്നായിരുന്നു സുപ്രിംകോടതിയുടെ പക്ഷം.
'ഞങ്ങളും ഡല്‍ഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ, ഈ പ്രശ്‌നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മള്‍ അംഗീകരിക്കണം'. ബെഞ്ച് വ്യക്തമാക്കി.