സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്‌കൂളുകളിൽ ഹിജാബ് വിലക്ക് തുടരും: കർണാടക മന്ത്രി

സുപ്രിംകോടതിയിൽനിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട വിധിയാണ് പ്രതീക്ഷിച്ചതെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.

Update: 2022-10-13 10:03 GMT
Advertising

ബെംഗളൂരു: ഹിജാബ് വിഷയത്തിൽ സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്‌കൂളുകളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. ഇന്നത്തെ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത മന്ത്രി താൻ പൂർണ തൃപ്തനല്ലെന്നും ഇതിലും മികച്ച വിധിയുണ്ടാകണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

''സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്‌കൂളുകളിൽ ഹിജാബ് വിലക്ക് തുടരും. ഹിജാബ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇപ്പോഴും തുടരുകയാണ്. ഹിജാബും ബുർഖയും അടിച്ചേൽപ്പിക്കുന്നതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ഇതിലും മികച്ച വിധിയാണ് സുപ്രിംകോടതിയിൽനിന്ന് പ്രതീക്ഷിച്ചത്''-മന്ത്രി നാഗേഷ് പറഞ്ഞു.

ഹിജാബ് കേസ് പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് അംഗീകരിച്ച കർണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചു. എന്നാൽ ജസ്റ്റിസ് സുധാംശു ദുലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

ഹിജാബ് ഇസ്‌ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി വിധിയാണ് ഹേമന്ത് ഗുപ്ത ശരിവെച്ചത്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും ജസ്റ്റിസ് ഗുപ്ത വിധിച്ചു. യൂണിഫോം നിർബന്ധമാക്കാനുള്ള അധികാരം സർക്കാറിനുണ്ട്. ഇത് വിദ്യാർഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീലുകൾ തള്ളിയത്.

എന്നാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പരമപ്രധാനമെന്ന് ജസ്റ്റിസ് ദുലിയ പറഞ്ഞു. ഹിജാബ് വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ വിഷയമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 19, 14 പാലിക്കപ്പെടണം. ഹിജാബ് ധരിക്കൽ അനിവാര്യമായ മതാചാരമാണോ എന്ന കാര്യം ഹൈക്കോടതി പരിഗണിച്ചതിനോട് യോജിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ദുലിയ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News