Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ വിചാരണ കൂടാതെ തന്നെ തീവ്രവാദിയെന്ന് ചാപ്പ കുത്തിയിരിക്കുകയാണെന്ന് ആക്ടിവിസ്റ്റ് ഷര്‍ജീല്‍ സുപ്രിംകോടതിയില്‍. കേസില്‍ വാദം മുഴുവന്‍ കേള്‍ക്കുക പോലും ചെയ്യാതെ തീവ്രവാദിയെന്ന് മുദ്ര കുത്തിയതില്‍ വേദനയുണ്ടെന്നും രാഷ്ട്രത്തിനെതിരായി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഷര്‍ജീല്‍ ഇമാം സുപ്രിംകോടതിയില്‍ പറഞ്ഞു. ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഷര്‍ജീലിന്റെ വാദം.
ഡല്‍ഹി കലാപത്തിന് മുമ്പ് തന്നെ 2020 മാര്‍ച്ച് 28ന് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി കലാപാഹ്വാനം നടത്തിയെന്ന് എങ്ങനെ വാദിക്കാനാകുമെന്നും ഷര്‍ജീലിനായി എത്തിച്ചേര്‍ന്ന അഭിഭാഷകന്‍ സിദ്ദാര്‍ഥ് ദേവ് വാദിച്ചു.
'താനൊരു തീവ്രവാദിയോ രാഷ്ട്രവിരുദ്ധനോ അല്ല. രാഷ്ട്രത്തിലെ നിയമവ്യവസ്ഥയ്‌ക്കെതിരെ ഒരു കുറ്റവും ചെയ്യാത്ത ആളാണ് താന്‍.'ഷര്‍ജീല്‍ ഇമാമിനെ ഉദ്ദരിച്ച് ദേവ് പറഞ്ഞു.
ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗങ്ങള്‍ ഡല്‍ഹി കലാപത്തിന് മുഖ്യഹേതുവായെന്ന ഡല്‍ഹി പൊലീസിന്റെ വാദങ്ങളില്‍ വ്യക്തത വരുത്തണമെന്നും കേവലം പ്രസംഗങ്ങള്‍ കൊണ്ടുമാത്രം അദ്ദേഹത്തെ കുറ്റക്കാരനാക്കണമെന്നാണെങ്കില്‍ അതിനായി പുതിയ നിയമങ്ങള്‍ ഉണ്ടാക്കേണ്ടിവരുമെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ബൗദ്ധിക തീവ്രവാദം എന്ന പ്രയോഗം തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ഷര്‍ജീല്‍ ഇമാം വ്യക്തമാക്കി. 'വിചാരണയൊന്നും കൂടാതെയാണ് തനിക്കെതിരെ ഇത്തരത്തില്‍ ചാപ്പ കുത്തിയിരിക്കുന്നത്. വിചാരണയ്ക്ക് ശേഷമായിരുന്നെങ്കില്‍ തനിക്കത് മനസ്സിലാക്കാമായിരുന്നു. എന്നാല്‍ ഇത് വല്ലാതെ വേദനയുണ്ടാക്കി.' ഇമാം പറഞ്ഞു.
ഉമര്‍ ഖാലിദിനായി കോടതിയിലെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഡല്‍ഹി കലാപസമയത്ത് അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.
'2020 ഫെബ്രുവരി 17ന് ഉമര്‍ ഖാലിദ് അമരാവധിയില്‍ നടത്തിയ പ്രസംഗം രാജ്യത്തെ സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു. ഇതെങ്ങനെയാണ് യുഎപിഎ ലംഘനമാകുന്നത്? ഇതെങ്ങനെയാണ് രാജ്യതലസ്ഥാനത്തെ കലാപത്തിന് ഗൂഢാലോചന നടത്തിയതിന് തെളിവായി എടുത്തുവെക്കാനാകുക?' കപില്‍ സിബല്‍ ചോദിച്ചു.
'മറ്റൊരാളുടെ ചെയ്തികള്‍ തന്റെ കക്ഷിയുടെ തലയില്‍ കെട്ടിവെക്കാനാകില്ല. അതുപോലെ, തങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചെന്നതിന്റെ പേരില്‍ മാത്രം നിങ്ങള്‍ക്കൊരാളെ ശിക്ഷിക്കാനാവില്ല.' സിബല്‍ കൂട്ടിച്ചേര്‍ത്തു.
2020ലെ കലാപം ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ടതായിരുന്നില്ലെന്നും രാഷ്ട്രത്തെ സമാധാനന്തരീക്ഷം തകര്‍ക്കുന്നതിനായുള്ള കൃത്യമായ ആസൂത്രണങ്ങള്‍ പിന്നിലുണ്ടെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ ഹരജിയെ എതിര്‍ത്തുകൊണ്ടുള്ള വാദം.
ഷര്‍ജീല്‍ ഇമാമിനും ഉമര്‍ ഖാലിദിനും പുറമെ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് എന്നിവരെയും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും ആസൂത്രണം നടത്തിയെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ 53 പേര്‍ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.