'വോട്ട് ചെയ്യാനെത്തിയപ്പോൾ പോളിങ് ബൂത്തിൽ ബിജെപി ​ഗുണ്ടകൾ തടഞ്ഞു'; പരാതിയുമായി ഭൂപേഷ് ബാ​ഗേൽ

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തൻ്റെ ഫോട്ടോയുടെ വ്യക്തതയെക്കുറിച്ച് ബാഗേൽ ആശങ്ക പ്രകടിപ്പിച്ചു.

Update: 2024-04-26 11:15 GMT
Advertising

റായ്പ്പൂർ: വോട്ട് ചെയ്യാനെത്തിയപ്പോൾ പോളിങ് ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ബിജെപി പ്രവർത്തകർ തടഞ്ഞെന്ന് ഛത്തീസ്​ഗഢ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഭൂപേഷ് ബാ​ഗേൽ. ഈ തെരഞ്ഞെടുപ്പോടെ ബിജെപിയുടെ വിടവാങ്ങൽ ഉറപ്പാണെന്ന് പറഞ്ഞ ബാഗേൽ, സമാധാനപരമായ രീതിയിൽ പരമാവധി പോളിങ് ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ഭൂപേഷ് ബാ​ഗേൽ എക്സിൽ പങ്കുവച്ചിട്ടുണ്ട്. 'ഭൂപേഷ് ബാഗേൽ സ്ഥാനാർഥിയായതിനാൽ ബിജെപിക്കാർ പോളിങ് ബൂത്തിൽ പോവുന്നത് തടയുകയാണ്. ജനങ്ങളെ ഭീഷണിപ്പെടുത്താനും വിരട്ടാനുമാണ് ബിജെപി ഗുണ്ടകളെ ബൂത്തുകളിലേക്ക് അയക്കുന്നത്. തങ്ങളോടുള്ള ജനങ്ങളുടെ ചായ്‌വ് കണ്ട് അവർ പരിഭ്രാന്തരായി. കോൺഗ്രസ് പ്രവർത്തകർ സമാധാനപരമായ രീതിയിൽ പരമാവധി വോട്ട് ഉറപ്പാക്കണം. അവരുടെ മടക്കം ഉറപ്പാണ്. വോട്ട് കൂടുന്തോറും അവരുടെ നെഞ്ചിടിപ്പും കൂടും'- അദ്ദേഹം കുറിച്ചു.

മറ്റൊരു എക്സ് പോസ്റ്റിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തൻ്റെ ഫോട്ടോയുടെ വ്യക്തതയെക്കുറിച്ച് ബാഗേൽ ആശങ്ക പ്രകടിപ്പിച്ചു. ഇവിഎമ്മുകളിലെ മറ്റ് സ്ഥാനാർഥികളുടെ ഫോട്ടോകൾ തന്നേക്കാൾ വലുതും വ്യക്തവുമാണെന്ന് പരാതിപ്പെട്ട് വോട്ടർമാർ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് ബാഗേൽ ആരോപിച്ചു.

തന്റെ ചിത്രം ചെറുതും താരതമ്യേന അവ്യക്തവുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട പ്രകാരമാണ് ഫോട്ടോ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഗൂഢാലോചനയുടെ ഭാഗമാണോ? എന്തൊക്കെയായാലും അത് തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റാൻ പോവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്​ഗഢിലെ രാജ്നന്ദ്ഗാവ് ലോക്‌സഭാ സീറ്റിൽ നിലവിലെ ബിജെപി എം.പി സന്തോഷ് പാണ്ഡെക്കെതിരെയാണ് ബാഗേൽ മത്സരിക്കുന്നത്. 26,05,350 പുരുഷന്മാരും 26,79,528 സ്ത്രീകളും ഉൾപ്പെടെ 52,84,938 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒമ്പത് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് രണ്ട് സീറ്റുകളാണ് സംസ്ഥാനത്ത് ലഭിച്ചത്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News