പരോളിൽ സ്ത്രീകൾക്കെതിരെ മോശം പെരുമാറ്റം; ബിൽകീസ് ബാനു പ്രതികളെ ജയിൽ മോചിതരാക്കിയത് ഗുരുതര കുറ്റങ്ങൾ നിലനിൽക്കെ

നല്ല നടപ്പ് പരിഗണിച്ചാണ് പ്രതികളെ വിട്ടയക്കാൻ കേന്ദ്രം അനുമതി നൽകിയെന്ന് ഗുജറാത്ത് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു

Update: 2022-10-19 07:16 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ പ്രതികളെ മോചിതരാക്കിയത് ഗുരുതര കുറ്റങ്ങൾ നിലനിൽക്കെയെന്ന് റിപ്പോർട്ട്. പരോളിലിറങ്ങിയ സമയത്ത് സ്ത്രീകളോട് മോശമായി പെരുമാറിയതിന് പ്രതികളിലൊരായ മിതേഷ് ചിമൻലാൽ ഭട്ടിനെതിരെ സെക്ഷൻ 354 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സുപ്രിം കോടതിയിൽ സമർപ്പിച്ച അനുബന്ധ സത്യവാങ്മൂലത്തിൽ  സംസ്ഥാന ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി അറിയിച്ചു.

മിതേഷ് ചിമൻലാൽ ഭട്ട് ഉൾപ്പെടെ 11 പ്രതികളെ വിട്ടയക്കാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നതിനിടെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് (എസ്പി) ജില്ലാ മജിസ്ട്രേറ്റ് ദാഹോഡിന് വിവരം നൽകിയത്. ഈ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും വിചാരണ പൂർത്തിയാക്കിയിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. 2020 ജൂണിൽ പരോളിലിറങ്ങിയപ്പോഴാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

Advertising
Advertising

കേസിലെ 11 പ്രതികൾ 14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയെന്നും നല്ല നടപ്പ് പരിഗണിച്ചാണ് വിട്ടയക്കാൻ കേന്ദ്രം അനുമതി നൽകിയെന്നും ഗുജറാത്ത് സർക്കാർ തിങ്കളാഴ്ച സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഈ വാദമാണ് ഇതോടെ പൊളിയുന്നത്.  2002ലെ ഗുജറാത്ത് വംശഹത്യവേളയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസ്സുകാരി ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത ബിൽക്കീസ് ബാനു കേസിലെ 11 കുറ്റവാളികളെ വിട്ടയച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതുകൊണ്ടുകൂടിയാണെന്നും കഴിഞ്ഞദിവസം ഗുജറാത്ത് സർക്കാർ സുപ്രിംകോടതിയെ ബോധിപ്പിച്ചിരുന്നു.

അതേസമയം, നല്ല പെരുമാറ്റം എന്താണെന്ന് നിർവചിക്കണമെന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രമന്ത്രിമാരായ അമിത് ഷായോടും പ്രഹ്ലാദ് ജോഷിയോടും ആവശ്യപ്പെട്ടു.പ്രതികളുടെ മോചനത്തിനെതിരായ ഹരജിക്കാരിൽ ഒരാൾ കൂടിയാണ് മഹുവ മൊയ്ത്ര.

''2020-ൽ പരോളിലായിരിക്കെ ബിൽക്കിസ് കുറ്റവാളി മിതേഷ് ഭട്ട് സ്ത്രീയെ പീഡിപ്പിച്ചു, ഈ മനുഷ്യനെയും നിങ്ങൾ മോചിപ്പിച്ചു. അച്ഛേ ദിൻ... അവർ ട്വീറ്റ് ചെയ്തു.

കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു, ''നിങ്ങൾ ഒരു സ്ത്രീയോട് എത്രത്തോളം മോശമായി പെരുമാറുന്നുവോ അത്രയും മികച്ച മനുഷ്യനാകുന്നത് ഇന്ത്യൻ സർക്കാരിന്റെ പുതിയ തന്ത്രമാണെന്ന് തോന്നുന്നെന്നും അവർ ട്വീറ്റ് ചെയ്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News