ബിർഭൂം കൂട്ടക്കൊലപാതകം: ഒമ്പത് പ്രതികളുടെ ഫോറൻസിക് സൈക്കോളജിക്കൽ പരിശോധന നടത്താനൊരുങ്ങി സിബിഐ

കൊല്ലപ്പെട്ട ആളുകളുടെ ഡിഎൻഎ പരിശോധനക്കായി സാമ്പിളുകൾ നൽകാൻ റാംപൂർ ഹട്ട് ആശുപത്രി അധികൃതരോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2022-04-03 01:18 GMT
Advertising

തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗാളിലെ ബിർഭൂമിൽ എട്ടുപേർ കൊല്ലപ്പെട്ട ആക്രമണത്തിലെ പ്രതികളുടെ ഫോറൻസിക് സൈക്കോളജിക്കൽ പരിശോധന പരിശോധന നടത്താനൊരുങ്ങി സിബിഐ. ഇതിനായി ഡൽഹി എഐഐഎംഎസ്സിന്റെ സഹായവും ഏജൻസി തേടിയേക്കും. ഇവർ പറയുന്നത് സത്യമാണോയെന്ന് കണ്ടെത്താനാണ് പരിശോധന. പ്രതികളുടെ മൊഴിയിൽ അസ്ഥിരത കണ്ടതോടെയാണ് തീരുമാനം.

അതേസമയം, സംഭവം അന്വേഷിക്കുന്ന സിബിഐ സംഘം കേസിലെ പ്രതിയായ ലാലൻ ഷൈഖിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. ഇയാളുടെ രണ്ടു സഹോദരങ്ങളെ തേടിയുള്ള പരിശോധനയിൽ വീട്ടിൽ സിസിടിവി കാമറകൾ സിബിഐ കണ്ടെത്തി. ആക്രമണ പരമ്പരയിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് സിബിഐ അന്വേഷണം പ്രതികളുടെ വീടുകളിലേക്ക് എത്തിയത്. ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങളിൽ നിർണായക ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇതോടെ കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിൽ സിബിഐ പരിശോധന നടത്തുകയായിരുന്നു.

കലാപം നടന്ന ബാഗ്ടുയി ഗ്രാമത്തിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ലാലൻ ഷൈഖിന്റെ വീട്. നാലോളം ക്യാമറകളാണ് വീട്ടിൽ പ്രതി സ്ഥാപിച്ചിരുന്നത്. കലാപത്തിൽ തീവെച്ച വീടുകളുടെ ദൃശ്യങ്ങൾ പതിയുന്ന രീതിയിലാണ് ക്യാമറകളുടെ സ്ഥാനം. എന്നാൽ ഈ ക്യാമറാ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത കമ്പ്യൂട്ടറിന്റെ സിപിയു വീട്ടിൽ നിന്ന് കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കലാപവുമായി ബന്ധമുണ്ട് എന്ന് കരുതപ്പെടുന്ന പൊലീസ് സബ് ഇൻസ്‌പെക്ടർ, എഎസ്‌ഐ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. സംഭവ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഗ്‌നി ശമന സേനാംഗങ്ങളിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. അതേസമയം കൊല്ലപ്പെട്ട ആളുകളുടെ ഡിഎൻഎ പരിശോധനക്കായി സാമ്പിളുകൾ നൽകാൻ റാംപൂർ ഹട്ട് ആശുപത്രി അധികൃതരോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎൻഎ പരിശോധനക്ക് അവസരം നൽകിയില്ല എന്ന ആരോപണം കൊല്ലപ്പെട്ടവരുടെ കുടുംബം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.

എന്താണ് സംഭവിച്ചത്?

ചായക്കടയിൽ ഇരുന്ന പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖിനെതിരെ ഒരു അക്രമിസംഘം പെട്രോൾ ബോംബ് എറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അന്ന് രാത്രിയാണ് രാംപുർഹത്ത് നഗരത്തിനടുത്തുള്ള ബോഗ്തി ഗ്രാമത്തിലെ ഒരു വീട്ടിലുള്ളവരെ മർദിച്ച ശേഷം ജീവനോടെ ചുട്ടെരിച്ചത്. മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം എട്ടുപേരാണ്‌ ക്രൂരമായി കൊല്ലപ്പെട്ടത്. പ്രാദേശികമായ രാഷ്ട്രീയ വിദ്വേഷമാണ് സംഭവത്തിന് പിറകിലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ സിബിഐ 21 പേർക്കെതിരെ കേസെടുത്തു.

Birbhum massacre: CBI ready to conduct forensic psychological examination of nine accused

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News