ആക്രമണങ്ങൾക്കിടെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർക്ക് ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്

ലത്തീൻ കാത്തലിക്, മലങ്കര കാത്തലിക്, സീറോ മലബാർ, ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ പിതാക്കന്മാരും വൈദികരും കന്യാസ്ത്രീകളും ചടങ്ങിനെത്തിയിട്ടുണ്ട്.

Update: 2025-12-23 14:40 GMT

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷ പരിപാടികൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതിനിടെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർക്ക് ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ വിരുന്ന്. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിലാണ് ക്രിസ്മസ് വിരുന്ന്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഉപാധ്യക്ഷൻ ഷോൺ ജോർജ്, ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ വിവിധ സഭകളിലെ ബിഷപ്പുമാർക്കാണ് ക്ഷണം.

ലത്തീൻ കാത്തലിക്, മലങ്കര കാത്തലിക്, സീറോ മലബാർ, ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ പിതാക്കന്മാരും വൈദികരും കന്യാസ്ത്രീകളും ചടങ്ങിനെത്തിയിട്ടുണ്ട്. ക്രിസ്മസ് കരോൾ സംഘത്തിനും പ്രാർഥനയ്ക്കായി ഒത്തുകൂടിയവർക്കും നേരെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സിബിസിഐ ഇന്ന് വിമർശനം ഉന്നയിച്ചിരുന്നു.

Advertising
Advertising

മധ്യപ്രദേശിലെ ജബൽപൂർ അതിക്രമവുമായി ബന്ധപ്പെട്ടും സിബിസിഐ അടക്കം വലിയ വിമർശനം ഉയർത്തിയതിനു പിന്നാലെയാണ് ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർ ബിജെപി വിരുന്നിൽ പങ്കെടുക്കുന്നത്. കേരളത്തിലടക്കം കരോൾ സംഘത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു.

ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ ബിജെപി നേതാവ് മർദിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും രാജ്യത്തെ ക്രിസ്മസ് ആഘോഷം ഭീഷണിയുടെ നിഴലിലാണെന്നും സിബിസിഐ പ്രതികരിച്ചിരുന്നു. ജബൽപൂരിൽ ആക്രമണത്തിന് നേതൃത്വം നൽകിയ അഞ്ജു ഭാർഗവയെ ബിജെപി പുറത്താക്കണമെന്നും അതിക്രമങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടിരുന്നു.

ക്രൈസ്തവർക്കെതിരെ ഡിസംബർ 24ന് ഛത്തീസ്‌ഗഡിൽ ബന്ദിന് ആഹ്വാനം ചെയ്ത് സോഷ്യൽമീഡിയയിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നതിലും കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന എല്ലാ വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ അടിയന്തരവും എല്ലാവരും കാണത്തക്ക രീതിയിലുള്ള നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും സിബിസിഐ ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനമെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് അഞ്ജു ഭാർഗവ യുവതിയെ മർദിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News