ഇൻഡിഗോ, എയർഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; സന്ദേശം വ്യാജം
വാരണാസിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി
ന്യൂഡല്‍ഹി: ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി അജ്ഞാത ബോംബ് ഭീഷണി. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വാരണാസിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. ഇതിന് പിന്നാലെ, ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നീ അഞ്ച് പ്രമുഖ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഇൻഡിഗോ വിമാനങ്ങൾക്ക് 'ഭീഷണി സന്ദേശങ്ങള്‍' ലഭിച്ചത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി.
ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് ടെർമിനൽ-3ല്‍ അജ്ഞാത ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്. ബോംബ് ഭീഷണി ഉണ്ടെന്ന് അഗ്നിശമന സേനയ്ക്ക് കോൾ ലഭിച്ചതായി ഡൽഹി പൊലീസ് റിപ്പോർട്ട് ചെയ്തു. വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും സുരക്ഷാ ഭീഷണി ലഭിച്ചതായി എയർലൈൻ വക്താവ് സ്ഥിരീകരിച്ചു.
പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിൽ പത്ത് പേരുടെ മരണത്തിനിടയാക്കിയ കാർ സ്ഫോടനത്തെത്തുടർന്ന് ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സുരക്ഷ വർധിപ്പിച്ചിരുന്നു.