ഇണകളായി കണ്ട് നികുതി ആനുകൂല്യം വേണമെന്ന് സ്വവർഗ ദമ്പതികളായ യുവാക്കൾ; വിസമ്മതിച്ച് കോടതി

സ്വവർഗ വിവാഹം നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാരിനും ആദായനികുതി വകുപ്പിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയെ അറിയിച്ചു.

Update: 2025-11-13 17:11 GMT

Photo| AI

മുംബൈ: സ്വവർ​ഗ ദമ്പതികളായ യുവാക്കൾക്ക് നികുതി ആനുകൂല്യം അനുവദിക്കണമെന്ന ആവശ്യം പരി​ഗണിക്കാതെ ബോം​ബെ ഹൈക്കോടതി. ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2)(എക്സ്) ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സ്വവർഗ പങ്കാളികൾ സമർപ്പിച്ച ഹരജിയിലാണ് ബോംബെ ഹൈക്കോടതി ഇടക്കാല ആശ്വാസം നൽകാൻ വിസമ്മതിച്ചത്.

അഭിഭാഷകനായ വിവേദ് ദിവൻ, പായിയോ അഷിഹോ എന്നിവരാണ് നികുതി ആനുകൂല്യങ്ങൾക്ക് തങ്ങളെ 'ഇണ' എന്ന പദത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നിലവിലുള്ള വ്യവസ്ഥ സ്വവർ​ഗ ദമ്പതികൾക്ക് അസമമായ സാമ്പത്തിക പരിഗണനയ്ക്ക് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

Advertising
Advertising

‌എന്നാൽ, സ്വവർഗ വിവാഹം നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാരിനും ആദായനികുതി വകുപ്പിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയെ അറിയിച്ചു. ഹ​രജി പരിഗണിക്കുമ്പോൾ കോടതി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആദായനികുതി വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെങ്കിലും അത് സ്വീകരിക്കാനോ അല്ലെങ്കിൽ സ്വതന്ത്ര സത്യവാങ്മൂലം സമർപ്പിക്കാനോ ധനകാര്യ മന്ത്രാലയത്തിന് കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹം/ ഭാര്യ- ഭർത്താവ്/ ഇണ എന്നിവയുടെ അർഥത്തെ വെല്ലുവിളിക്കാൻ ആദായനികുതി നിയമം ദുരുപയോഗിക്കാൻ ഹരജിക്കാർ ശ്രമിക്കുകയാണെന്നും വകുപ്പിന്റെ മറുപടിയിൽ സിങ് വാദിച്ചു.

ഇന്ത്യയിലെ ഏതെങ്കിലും വിവാഹ നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ, ആദായനികുതി നിയമപ്രകാരം ഒരു ബന്ധത്തെയും 'വിവാഹം' അല്ലെങ്കിൽ 'ഇണ' ആയി അംഗീകരിക്കാൻ കഴിയില്ലെന്നും വകുപ്പ് വാദിച്ചു. തങ്ങളുടെ ബന്ധത്തെ വിവാഹമായി അംഗീകരിക്കുന്ന ഒരു നിയമ വ്യവസ്ഥയും ഹരജിക്കാർ അവതരിപ്പിച്ചിട്ടില്ലെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസ് അടിയന്തരമായി കേൾക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ അഭ്യർഥിച്ചു. 2025 ഡിസംബർ 31 എന്ന സമയപരിധി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ആ ദിവസത്തിനകം വിഷയം പരിഹരിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പൂർണമായും വാദം കേട്ട ശേഷം വിധി പറയാൻ സമയം ആവശ്യമാണെന്ന് കോടതി അറിയിച്ചു.

വകുപ്പിന്റെ ഭാഗത്തു നിന്നുള്ള ബലപ്രയോഗ നടപടികളിൽ നിന്ന് ഹരജിക്കാർ സംരക്ഷണം തേടിയെങ്കിലും, അത്തരം ഭയത്തിന് ആധാരമേതെന്ന് ചോദിച്ച് ബെഞ്ച് അത് നിരസിച്ചു. 'നികുതി അടയ്ക്കാ‌‌നുള്ള ബലപ്രയോഗം എവിടെയാണ്? അവസാനം നിങ്ങൾ വിജയിച്ചാൽ, നിങ്ങള്‍ക്ക് തിരിച്ചടവ് ലഭിക്കാനുള്ള അവകാശം ഉണ്ടായിരിക്കും'- കോടതി പറഞ്ഞു.

സ്വവർഗ ബന്ധത്തിലുള്ള നോമിനികളെ ഭിന്നലിംഗ വിവാഹത്തിലുള്ളവരേക്കാൾ വ്യത്യസ്തമായി പരിഗണിക്കുന്നുണ്ടെന്നും കോടതി പിന്നീട് തങ്ങൾക്ക് അനുകൂലമായി വിധിച്ചാലും ഇപ്പോൾ ഇടക്കാല സംരക്ഷണം നിരസിക്കുന്നത് പരോക്ഷമായി വിവേചനത്തെ അംഗീകരിക്കുന്നതിന് തുല്യമാകുമെന്നും ഹരജിക്കാർ വാദിച്ചു. കേസ് കേൾക്കുന്നതിന് മുമ്പ് വിവേചനം സംബന്ധിച്ച് ഒരു ചോദ്യവും ഉയർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബെഞ്ച് ഈ വാദം അംഗീകരിക്കാൻ വിസമ്മതിച്ചു. തുടർന്ന്, ധനകാര്യ മന്ത്രാലയത്തോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച് കേസ് ഡിസംബർ 10ലേക്ക് മാറ്റി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News