Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മംഗളൂരു: മംഗളൂരു ജ്യോതി-ഹംപന്‍കട്ട റോഡിലെ ബ്യൂട്ടി പാര്‍ലറില്‍ മസാജിന്റെ മറവില്‍ ലൈംഗിക ചൂഷണമെന്ന് പരാതി. തിരുമ്മലിനിടെ പുരുഷ ഇടപാടുകാരന്റെ ലൈംഗിക അതിക്രമ ശ്രമം തടഞ്ഞ ജീവനക്കാരിയെ ഉടമ മര്‍ദ്ദിക്കുകയും അര്‍ധ നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച മംഗളൂരു പ്രസ്‌ക്ലബില്‍ വിശദീകരിക്കുന്നതിനിടെ യുവതി പൊട്ടിക്കരഞ്ഞു. ഒന്നര മാസമായി താന്‍ ഈ പാര്‍ലറില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണെന്ന് യുവതി പറഞ്ഞു.
പുരുഷ ഉപഭോക്താക്കളെ മസാജ് ചെയ്യാനും ലൈംഗിക സേവനങ്ങള്‍ നല്‍കാനും ഉടമ തന്നോട് നിര്‍ദ്ദേശിച്ചു. അവരില്‍ നിന്ന് 500 മുതല്‍ 1,000 രൂപ വരെ ഈടാക്കിയതായും യുവതി ആരോപിച്ചു. ബുധനാഴ്ച ഉടമക്ക് പരിചയമുള്ള ഉപഭോക്താവ് പാര്‍ലര്‍ സന്ദര്‍ശിച്ചെന്നും ഉടമ തന്നോട് മസാജ് ചെയ്യാന്‍ പറഞ്ഞുവെന്നും യുവതി വെളിപ്പെടുത്തി.
'എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു, പക്ഷേ അയാള്‍ തെറ്റായ രീതിയില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ വിസമ്മതിക്കുകയും പോകാന്‍ ശ്രമിക്കുകയും ചെയ്തു,' യുവതി പറഞ്ഞു. തുടര്‍ന്ന് ഉടമ ആക്രമിക്കുകയും തന്റെ ഫോണില്‍ നിന്ന് അര്‍ധനഗ്‌ന ഫോട്ടോകള്‍ എടുക്കുകയും ഭര്‍ത്താവിനെ കാണിക്കുമെന്ന് ഉടമ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
പാര്‍ലറില്‍ ജോലി ചെയ്യുന്ന മറ്റ് നിരവധി സ്ത്രീകള്‍ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഉടമ തന്നില്‍ നിന്ന് 30,000 രൂപ ആവശ്യപ്പെട്ടുവെന്നും യുവതി വ്യക്തമാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ക്കും ബന്ദര്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ബ്യൂട്ടീഷ്യന്‍ പറഞ്ഞു. മംഗളൂരു കോര്‍പറേഷന്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രതിഭ കുലൈ ഇരയുടെ ഒപ്പം ഉണ്ടായിരുന്നു. ആഗസ്റ്റ് ആറിന് പരാതി നല്‍കിയെങ്കിലും രണ്ട് ദിവസത്തിന് ശേഷവും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രതിഭ ആരോപിച്ചു.